ന്യൂഡൽഹി: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷനും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യ നടത്തിയ ആക്രമണത്തെ ഉവൈസി സ്വാഗതം ചെയ്തു.
പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യ പ്രതിരോധസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ സ്വാഗതം ചെയ്യുകയാണ്. പാകിസ്താനിലെ ഡീപ് സ്റ്റേറ്റ് ഒരു പാഠം പഠിച്ചാൽ മാത്രമേ ഇനിയൊരു പഹൽഗാം ആവർത്തിക്കാതിരിക്കുകയുള്ളു. പാകിസ്താനിലെ മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർക്കപ്പെടണമെന്നും ഉവൈസി പറഞ്ഞു.
പഹൽഗാമിലെ ഭീകരാക്രമണത്തിന് തിരിച്ചടിയുമായി ഇന്ത്യ. പാകിസ്താനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ആക്രമിച്ച് തകർത്തതായി കരസേന അറിയിച്ചു. ഓപറേഷൻ സിന്ദൂർ എന്നു പേരിട്ട സൈനിക നടപടിയിൽ ഒമ്പത് ഭീകര കേന്ദ്രങ്ങളാണ് തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. ബഹാവൽപൂർ, മുസാഫറബാദ്, കോട്‍ലി, മുറിഡ്കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.