ന്യൂഡൽഹി: രാമക്ഷേത്രപ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് മന്ത്രി വിക്രമാദിത്യ സിങ്. ഹിമാചൽപ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ് ക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചത്. തന്റെ മുൻ പ്രസ്താവനയിൽ ഉറച്ചുനിൽക്കുകയാണെന്ന് മന്ത്രി പറഞ്ഞു.
താൻ അയോധ്യയിൽ സന്ദർശനം നടത്തുന്നത് ഒരു രാഷ്ട്രീയക്കാരനായിട്ടല്ല. ഹിമാചൽപ്രദേശിലെ മുൻ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിന്റെ മകനായാണ് സന്ദർശനം. തന്റെ പിതാവ് ശ്രീരാമന്റെ ഭക്തനായിരുന്നു. വീർഭദ്ര സിങ്ങിന്റെ പുത്രനെന്ന നിലയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പങ്കെടുക്കുകയെന്നത് തന്റെ ധാർമികമായ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
മുതിർന്ന നേതാക്കളുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. തനിക്ക് മാത്രമായല്ല രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിന് ക്ഷണം ലഭിച്ചത്. രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ ഭാഗമായി തന്റെ പിതാവും പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പിയുടേയും ആർ.എസ്.എസിന്റേയും ഹിന്ദു രാഷ്ട്രവാദത്തേയും വിഭജന രാഷ്ട്രീയത്തേയും താൻ എതിർക്കും. കോൺഗ്രസിന്റേയും അതിന്റെ ആശയങ്ങളേയും പാർട്ടി പ്രവർത്തകനെന്ന നിലയിൽ താൻ അനുകൂലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സുഖ്‍വീന്ദർ സിങ് സുഖുവും രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങിലേക്ക് തങ്ങൾക്ക് ക്ഷണം ആവശ്യമില്ലെന്ന് അറിയിച്ചിരുന്നു. ഇതൊരു രാഷ്ട്രീയവിഷയമല്ലെന്നും ഹിമാചൽപ്രദേശിൽ നിന്നും തന്നെ ക്ഷണിച്ചതിന് ആർ.എസ്.എസിനോടും വി.എച്ച്.പിയോടും നന്ദി പറയുകയാണെന്നും വിക്രമാദിത്യ സിങ് പറഞ്ഞു. ചരിത്രത്തിന്റെ ഭാഗമാവാനുള്ള അപൂർവാവസരമാണ് തങ്ങൾക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.