ബംഗാളിൽ 8 പേരെ ചുട്ടുകൊന്ന സംഭവത്തിൽ കൽക്കട്ട ഹൈകോടതി സ്വമേധയ കേസെടുത്തു

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഭാദു ഷെയ്ഖ് കൊല്ലപ്പെട്ടതിന് പിന്നാലെ എട്ട് പേരെ ചുട്ടുകൊന്ന സംഭവത്തിൽ കൽക്കട്ട ഹൈകോടതി സ്വമേധയ കേസെടുത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കേസ് പരിഗണിക്കുമെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രതിപക്ഷ പാർട്ടിയായ ബി.ജെ.പിയും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി തീവെപ്പ് കേസ് ഇതിനോടകം മാറിയിട്ടുണ്ട്. പശ്ചിമ ബംഗാളിലെ ബി.ജെ.പി എം.പിമാർ കേന്ദ്രമന്ത്രി അമിത് ഷായെ നേരിൽ കണ്ട് സംഭവത്തിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ക്രമസമാധാനപാലനം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനർജി രാജി വെക്കണമെന്ന ആവശ്യം പ്രതിപക്ഷം ഇതിനോടകം തന്നെ ഉന്നയിച്ച് കഴിഞ്ഞു.

അക്രമവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും ചൂണ്ടി കാണിച്ച് പശ്ചിമ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻഖർ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിച്ചു.

സംസ്ഥാനത്ത് നിയമവാഴ്ച തകർന്നെന്ന തരത്തിൽ അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഗവർണർ പിന്തിരിയണമെന്നും നിഷ്പക്ഷമായ അന്വേഷണം നടത്താൻ ഭരണകൂടത്തെ അനുവദിക്കണമെന്നും മമത പ്രതികരിച്ചു. രാജ്ഭവനിൽ നിശബ്ദാനയിരുന്ന് കുറ്റകൃത്യത്തിന് കൂട്ട് നിൽക്കാൻ തനിക്ക് പറ്റില്ലെന്ന് ഗവർണർ രൂക്ഷമായ ഭാഷയിൽ സർക്കാരിനെ വിമർശിച്ചിരുന്നു.

ക്രൂരമായ കുറ്റകൃത്യത്തിലേർപ്പെട്ട കുറ്റവാളികളെ സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്‍റെ തന്ത്രമാണ് അന്വേഷണമെന്ന് ഗവർണർ ട്വീറ്റ് ചെയ്തു. അന്വേഷണത്തിലൂടെ കുറ്റകൃത്യത്തിന്‍റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും നിയമത്തിന്‍റെ മുന്നിൽ കൊണ്ടു വരുമെന്ന് സർക്കാർ ഉറപ്പ് നൽകുന്നുണ്ടെങ്കിലും ഇത് യാഥാർഥത്തിൽ നിന്നും വളരെ അകലെയാണെന്ന് ഗവർണർ പറഞ്ഞു. അന്വേഷണത്തിൽ ഒരു വിശ്വാസവുമില്ലെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു. സംസ്ഥാനത്ത് നടന്ന രാഷ്ട്രീയ അക്രമണങ്ങളിൽ കേന്ദ്രം റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണത്തിനായി കേന്ദ്ര സർക്കാർ വിദഗ്ധ സംഘത്തെ നിയോഗിക്കുമെന്നും ഗവർണർ പറഞ്ഞു.

ചൊവ്വാഴ്ച പുലർച്ചയോടെയാണ് രാംപൂർഹട്ടിൽ പത്തോളം വീടുകൾ അഗ്നിക്കിരയാക്കിയതിനെ തുടർന്ന് 8 പേർ കൊല്ലപ്പെട്ടത്. കേസന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ സംസ്ഥാന സർക്കാർ നിയോഗിച്ചിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകന്‍റെ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് ബംഗാളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ മനോജ് മാളവ്യ പറഞ്ഞു.



Tags:    
News Summary - As 8 Burnt Alive In Bengal, A Political Firestorm, High Court Steps In

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.