അരുണാചലം മുരുകാനന്ദം
ചെന്നൈ: രാജ്യത്ത് സാനിറ്ററി നാപ്കിൻ വിപ്ലവത്തിന് ചുക്കാൻപിടിച്ച ‘പാഡ്മാൻ’ എന്ന പേരിലറിയപ്പെടുന്ന കോയമ്പത്തൂർ പി.എൻ പുതൂർ സ്വദേശിയായ അരുണാചലം മുരുകാനന്ദം, 2026ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന പുരസ്കാരത്തിനുള്ള ശിപാർശ പട്ടികയിൽ. മൊത്തം 208 വ്യക്തികളും 79 സംഘടനകളുമാണ് പട്ടികയിലുള്ളത്. നാല് ദശാബ്ദക്കാലമായി ഈ മേഖലയിൽ പ്രവർത്തിക്കുന്നതിന്റെ അംഗീകാരമായാണ് ഇതിനെ കാണുന്നതെന്ന് മുരുകാനന്ദം പറഞ്ഞു. പാവപ്പെട്ട സ്ത്രീകൾക്കും ഉപയോഗപ്പെടുത്താവുന്ന നിലയിൽ കറുഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ നിർമിക്കുന്ന യന്ത്രം കണ്ടുപിടിച്ച് ലോകത്തിന്റെ ശ്രദ്ധപിടിച്ചുപറ്റിയ പച്ച മനുഷ്യനാണ് അരുണാചലം മുരുകാനന്ദം.
2005ലാണ് ‘ജയശ്രീ ഇൻഡസ്ട്രീസ്’ എന്ന പേരിൽ അരുണാചലം മുരുകാനന്ദം നാപ്കിനുകൾ നിർമിക്കുന്ന യൂനിറ്റ് തുടങ്ങിയത്. നിലവിൽ ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലായി 700ൽപരം യൂനിറ്റുകളുണ്ട്. വിദേശരാജ്യങ്ങളിൽനിന്നുപോലും നാപ്കിൻ നിർമാണം പഠിക്കുന്നതിനായി ആളുകൾ ഇവിടെയെത്തുന്നു. ആഫ്രിക്ക, സിംബാബ് വേ ഉൾപ്പെടെ 40ഓളം വിദേശ രാജ്യങ്ങളിലേക്കും ട്രിനിഡാഡ് ഉൾപ്പെടെയുള്ള ദ്വീപ് സമൂഹങ്ങളിലേക്കും കുറഞ്ഞ വിലയിൽ നാപ്കിനുകൾ നിർമിക്കുന്ന സാങ്കേതിക വിദ്യ എത്തിച്ചു. ഇന്ത്യാ രാജ്യത്തുടനീളം ഇതുസംബന്ധിച്ച പരിശീലന പരിപാടികളും ബോധവത്കരണ പരിപാടികളും നടത്തുന്നു.
2018ൽ ഇദ്ദേഹത്തിന്റെ ജീവചരിത്രം പശ്ചാത്തലമാക്കി ബോളിവുഡ് നടൻ അക്ഷയ്കുമാർ അഭിനയിച്ച ‘പാഡ്മാൻ’ എന്ന സിനിമ ഇറങ്ങിയിരുന്നു. ഇന്ത്യൻ സ്ത്രീകൾ ആർത്തവത്തിന്റെ പേരിൽ നേരിടുന്ന ദുരവസ്ഥകളെ തുറന്നുകാണിക്കുന്ന ‘പീരിയഡ്: എൻഡ് ഒാഫ് സെന്റൻസ്’ എന്ന ഡോക്യുമെന്ററിക്ക് ഒാസ്കർ പുരസ്കാരം കിട്ടിയതിന് പിന്നിലും മുരുകാനന്ദത്തിന്റെ ആശയങ്ങളായിരുന്നു. ഡൽഹി നഗരത്തിന്റെ പുറേമ്പാക്കിലുള്ള ഹാപൂർ ഗ്രാമത്തിൽ സ്ത്രീകൾ നടത്തുന്ന നിശ്ശബ്ദ വിപ്ലവമാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം.
അരുണാചലം മുരുകാനന്ദത്തിന്റെ ചുരുങ്ങിയ ചെലവിൽ സാനിറ്ററി നാപ്കിനുകൾ നിർമിക്കാവുന്ന യന്ത്രം ഗ്രാമത്തിൽ സ്ഥാപിക്കെപ്പടുകയും തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2016ലെ പത്മശ്രീ പുരസ്കാരം ഉൾപ്പെടെ നിരവധി ദേശീയ-സാർവദേശീയ പുരസ്കാരങ്ങളും അരുണാചലം മുരുകാനന്ദത്തെ തേടിയെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.