'ടി.വി അവതാരകനെ അറിയിച്ചിട്ടാണോ മോദിയും ​ഷായും ആക്രമണങ്ങൾ നടത്തുന്നത്​'? രാജ്യം അറിയാൻ ആഗ്രഹിക്കുന്നു -മഹുവ മൊയ്​ത്ര

ടി.വി അവതാരകൻ അർണബ്​ ഗോസ്വാമിയും ടെലിവിഷൻ റേറ്റിങ്​ കമ്പനിയായ ബാർക്​ സി.ഇ.ഒയ​ും തമ്മിലുള്ള വാട്​സ്​ആപ്പ്​ ചാറ്റുകളെകുറിച്ച്​ ​േചാദ്യങ്ങളുയർത്തി തൃണമൂൽ എം.പി മഹുവ മൊയ്​ത്ര. ടി.വി അവതാരകനെ അറിയിച്ചിട്ടാണോ മോദിയും അമിത്​ഷായും സൈനിക ആക്രമണങ്ങൾ നടത്തുന്നതെന്ന്​ രാജ്യം അറിയാൻ ആഗ്രഹിക്കുന്നതായി അവർ ട്വീറ്റ്​ ചെയ്​തു.

പുൽവാമ ഭീകരാക്രമണത്തെകുറിച്ച്​ 'വലിയ വിജയം' എന്നാണ്​ ബാർക്​ സി.ഇ.ഒ പാർത്തോ ദാസ് ഗുപ്തയോട്​ അർണബ്​ പറയുന്നത്​. 'നമ്മൾ ഇത്തവണ വിജയിക്കും' എന്നും പുൽവാമ ആക്രമണം അറിഞ്ഞ അർണബ്​ ആവേശത്തോടെ പ്രതികരിക്കുന്നുണ്ട്​. പുൽവാമക്ക്​ തിരിച്ചടിയായി ഇന്ത്യൻ സൈന്യം രഹസ്യമായി നടത്തിയ ബാലാക്കോട്ട്​ ആക്രമണം മൂന്ന്​ ദിവസംമുമ്പുതന്നെ അർണബ്​ അറിഞ്ഞിരുന്നതായും ചാറ്റുകൾ സൂചിപ്പിക്കുന്നു. ബാലകോട്ട് ആക്രമണത്തിന് മൂന്ന് ദിവസം മുമ്പ് വാട്‌സ്ആപ്പ് ചാറ്റിൽ 'വലിയ എന്തെങ്കിലും സംഭവിക്കും' എന്ന് അർണബ് പറയുന്നുണ്ട്​. 2019 ഫെബ്രുവരി 23ന് നടന്ന വാട്​സാപ്പ് ചാറ്റിലാണിത്​ പറയുന്നത്​.


മൂന്ന് ദിവസത്തിന് ശേഷം, 2019 ഫെബ്രുവരി 26 ന് ഇന്ത്യൻ വ്യോമസേന പാകിസ്താൻ പട്ടണമായ ബാലകോട്ടിൽ ജയ്ഷെ മുഹമ്മദ് പരിശീലന ക്യാമ്പിനുനേരേ ആക്രമണം നടത്തി. 'രാഷ്​ട്രത്തിന്​ അറിയേണ്ടതുണ്ട്​...ബാലാകോട്ട് ആക്രമണത്തെക്കുറിച്ചും ആർട്ടിക്കിൾ 370 നിർത്തലാക്കുന്നതിനെക്കുറിച്ചും ഒരു ടി.വി അവതാരകന്​ സർക്കാർ മുൻകൂട്ടി വിവരങ്ങൾ നൽകിയതായി വാട്‌സ്ആപ്പ് ചാറ്റുകളുടെ പകർപ്പ് വ്യക്തമാക്കുന്നു. എന്താണ് സംഭവിക്കുന്നത്? മോദിയും ഷായും ഇതേപറ്റി പ്രതികരിക്കണമെന്ന്​ കരുതുന്നത്​ ഞാൻ മാത്രമാണോ?'-മഹുവ മൊയ്​ത്ര ട്വിറ്ററിൽ കുറിച്ചു. അതേസമയം 'ആന്‍റി നാഷനൽ ബി.ജെ.പി അർണബ്​' എന്ന ഹാഷ്​ടാഗ്​ ട്വിറ്ററിൽ ട്രെൻഡിങ്ങിലെത്തി. പുൽവാമയിലെ ഭീകരാക്രമണത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച ദേശദ്രോഹിയായ അർണബിനെ അറസ്റ്റ്​ ചെയ്യണമെന്നാണ്​ ആവശ്യം ഉയർന്നിരിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.