'അത് തുർക്കിയിലെ കോൺഗ്രസ് ഓഫിസല്ല, ഇസ്താംബൂളിലെ ഒരു കൺവെൻഷൻ സെന്ററാണ്'; അർണാബിന്റെ വാദം നിമിഷങ്ങൾക്കകം പൊളിച്ചടുക്കി മുഹമ്മദ് സുബൈർ

ന്യൂഡൽഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസിന് തുർക്കിയിൽ രജിസ്റ്റർ ചെയ്ത ഓഫീസുണ്ടെന്ന് തട്ടിവിട്ട റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിയുടെ വാദം നിമിഷങ്ങൾക്കകം പൊളിച്ചടുക്കി പ്രമുഖ വസ്തുതാ പരിശോധകനും ആൾട്ട് ന്യൂസ് സഹസ്ഥാപകനുമായ മുഹമ്മദ് സുബൈർ.

'പ്രേക്ഷകരേ, കോൺഗ്രസ് പാർട്ടിക്ക് തുർക്കിയിൽ ഒരു രജിസ്റ്റർ ചെയ്ത ഓഫീസ് ഉണ്ടെന്ന് നിങ്ങൾക്കറിയാമോ? തുർക്കിയിൽ കോൺഗ്രസിന് എന്ത് തരത്തിലുള്ള ബിസിനസ്സാണുള്ളത്?” -തുടങ്ങിയ ചോദ്യങ്ങളുമായാണ് അർണാബ് ചാനലിൽ കത്തിക്കയറിയത്. ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യ ഉൾപ്പെടെയുള്ളവർ നിമിഷയിടംകൊണ്ട് അത് പങ്കുവെക്കുകയും ചെയ്തു. എന്നാൽ, അധികം നേരം പിടിച്ചുനിൽക്കാൻ അർണാബിനോ ചാനലിനോ ആയില്ല. 

കോൺഗ്രസ് പാർട്ടിയുടെ കെട്ടിടമെന്ന പേരിൽ പ്രചരിപ്പിച്ചത് ഇസ്താംബൂൾ കോൺഗ്രസ് സെന്റർ എന്ന ഒരു കൺവെൻഷൻ സെന്ററാണെന്ന് മുഹമ്മദ് സുബൈർ ചിത്രം സഹിതം വ്യക്തമാക്കി.

തെറ്റായ വിവരം സംപ്രേക്ഷണം ചെയ്തതിന് വ്യാപക വിമർശനം ഉയർന്നതോടെ ചാനലിന് ഖേദ പ്രകടനവുമായി മുന്നോട്ടുവരേണ്ടി വന്നു. ഒരു സാങ്കേതിക പിശകാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ് റിപബ്ലിക് ടി.വി തടിയൂരുകയായിരുന്നു. 

എന്നാൽ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്നതിന് ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയ്ക്കും റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കുമെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു. ഇന്ത്യൻ യൂത്ത് കോൺഗ്രസ് ലീഗൽ സെൽ മേധാവി ബി.എൻ.ശ്രീകാന്ത് സ്വരൂപ് നൽകിയ പരാതിയിലാണ് ഹൈഗ്രൗണ്ട്സ് പൊലീസ് നടപടി.  


Tags:    
News Summary - Arnab claims Istanbul Congress Center is Congress office; Malviya shares clip, Zubair debunks it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.