ആഭ്യന്തര മന്ത്രി തിരക്കിൽ; കരസേന മേധാവി മണിപ്പൂരിൽ

ന്യൂഡൽഹി: ആഴ്ചകൾ പിന്നിട്ടിട്ടും വംശീയ കലാപം അയവില്ലാതെ തുടരുന്ന മണിപ്പൂർ സന്ദർശിച്ച് കരസേന മേധാവി ജനറൽ മനോജ് പാണ്ഡെ.

പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തിരക്കിൽപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദർശനം വൈകുന്നതിനിടെയാണ് കരസേന മേധാവി ശനിയാഴ്ച സംസ്ഥാനത്ത് എത്തിയത്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സേനാ ഉദ്യോഗസ്ഥർ കരസേന മേധാവിക്ക് വിശദീകരണം നൽകി. തിങ്കളാഴ്ച അമിത് ഷാ സംസ്ഥാനം സന്ദർശിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

കലാപത്തിന് അയവില്ലാതെ വന്നതോടെ സൈന്യവും അസം റൈഫിൾസും മണിപ്പൂരിലുടനീളം സുരക്ഷ ശക്തമാക്കി.

ഇംഫാൽ ഈസ്റ്റിലും ചർചന്ദ്പൂരിലും ഇരുവിഭാഗങ്ങൾ തമ്മിലുള്ള വെടിവെപ്പ് സുരക്ഷാ സംഘങ്ങൾ ഇടപെട്ട് തടഞ്ഞിരുന്നു. ഇവിടെ ആയുധധാരികളായ ചിലർ വെടിയുതിർത്തശേഷം കാടിനുള്ളിലേക്ക് രക്ഷപ്പെട്ടതായി സൈന്യം വ്യക്തമാക്കി. വെള്ളിയാഴ്ച രാത്രി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആർ.കെ. രഞ്ജൻ സിങ്ങിന്‍റെ ഇംഫാൽ ഈസ്റ്റിലുള്ള വീടിനുനേരെ ആക്രമണമുണ്ടായി. മന്ത്രി വീടിനകത്തുണ്ടായിരിക്കേയാണ് ആക്രമണം.

ബിഷ്ണപൂർ ജില്ലയിലുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടതിനുപിന്നാലെ സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുടെ വീടിനുനേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. പ്രദേശവാസികളെ അക്രമത്തില്‍നിന്ന് സംരക്ഷിക്കാന്‍ സര്‍ക്കാർ ഇടപെട്ടില്ലെന്ന് ആരോപിച്ചായിരുന്നു സ്ത്രീകൾ അടക്കമുള്ള സംഘം മന്ത്രിയുടെ വീടാക്രമിച്ചത്.

അതിനിടെ, കലാപത്തിൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം രാജിവെക്കേണ്ടിവരുമെന്നും ബി.ജെ.പി എം.എൽ.എമാർ അമിത് ഷായെ അറിയിച്ചു.

മെയ്തേയി വിഭാഗത്തിൽപെട്ട ബി.ജെ.പിയുടെ 10ഉം നാഷനൽ പീപ്ൾസ് പാർട്ടി, നാഗ പീപ്ൾസ് ഫ്രണ്ട് എന്നിവരുടെ രണ്ടുവീതം എം.എൽ.എമാരുമാണ് അമിത് ഷായുടെ ഗുവാഹതി സന്ദർശത്തിനിടെ കണ്ടത്.

Tags:    
News Summary - Army chief to visit violence-hit Manipur to take stock of situation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.