ബംഗളൂരു: സിഗരറ്റിനെ ചൊല്ലിയുണ്ടായ നിസ്സാര തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. കനകപുര മെയിൻ റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. വജ്രഹള്ളി സ്വദേശി എച്ച്.എൻ. സഞ്ജയ് ആണ് (29) മരിച്ചത്. ഇയാളുടെ സുഹൃത്ത് ജെ.പി നഗർ സ്വദേശി ചേതൻ പൂജാമതിന് (30) ഗുരുതര പരിക്കേറ്റു. ഇരുവരും ടെക് മേഖലയിൽ ജോലി ചെയ്യുന്നവരാണ്. സ്വകാര്യ കമ്പനിയിൽ മാനേജറായി ജോലി ചെയ്യുന്ന പ്രതീക് (31) ആണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.
ഭാര്യയോടൊപ്പം ജന്മദിനാഘോഷ പാർട്ടി കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന പ്രതി പ്രതീക് കനകപുര റോഡിൽ ചായക്കടക്ക് സമീപം വാഹനം നിർത്തുകയും അവിടെയുണ്ടായിരുന്ന സഞ്ജയ്, ചേതൻ എന്നിവരോട് സിഗരറ്റ് ആവശ്യപ്പെടുകയുമായിരുന്നു. പ്രതി മദ്യപിച്ച നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
സിഗരറ്റ് നൽകാനാവില്ലെന്ന് ചേതനും സഞ്ജയും അറിയിച്ചപ്പോൾ പ്രതീക് ഇരുവരുമായും വാക്കേറ്റത്തിലായി. സമീപത്തുണ്ടായിരുന്നവരും പ്രതീകിന്റെ ഭാര്യയും ഇടപെട്ട് രംഗം ശാന്തമാക്കി. പിന്നീട് ഇവർ കാറിൽ കയറി. പിന്നീട് സഞ്ജയും ചേതനും ബൈക്കിൽ പോയപ്പോൾ ഇരുവരെയും കാറിൽ പിന്തുടർന്ന പ്രതി ബൈക്കിൽ മനഃപൂർവം കാറിടിപ്പിച്ചു.
കാറിന്റെ ബോണറ്റിലേക്ക് തെറിച്ചുവീണ ചേതന് നിസ്സാര പരിക്കേറ്റു. എന്നാൽ, ബൈക്കിൽനിന്ന് സമീപത്തെ കടയുടെ ഷട്ടറിലേക്ക് തലയടിച്ചു തെറിച്ചുവീണ സഞ്ജയിന് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പ്രതിയായ പ്രതീകിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഇയാളുടെ ഭാര്യക്ക് കുറ്റകൃത്യത്തിൽ പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.