ന്യൂഡൽഹി: കേരളമടക്കം ഏഴു സംസ്ഥാനങ്ങളെ ഉൾപ്പെടുത്തിയ ഹരിത ഊർജ ഇടനാഴി പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം. അഞ്ചുവർഷത്തെ പദ്ധതിക്ക് 12,031 കോടി രൂപയാണ് ചെലവ്. പരിസ്ഥിതി സൗഹൃദ ഫോസിൽ ഇതര ഇന്ധന ഊർജ ഉൽപാദനവും വിതരണവുമാണ് പദ്ധതിയിലുള്ളത്. 2030 ഓടെ 450 ജിഗാവാട്ട് ഹരിത ഊർജശേഷി കൈവരിക്കുകയാണ് ലക്ഷ്യം. കേരളത്തിനു പുറമെ ഗുജറാത്ത്, ഹിമാചൽപ്രദേശ്, കർണാടക, രാജസ്ഥാൻ, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവയാണ് പദ്ധതിയുടെ ഭാഗമാകുന്നത്.
പരിസ്ഥിതി സൗഹൃദ ഇടനാഴി രണ്ടാംഘട്ടം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിൽ 2026ഓടെ 10,750 സർക്യൂട്ട് കിലോമീറ്റർ ട്രാൻസ്മിഷൻ ലൈനുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാകുർ പറഞ്ഞു. ഒന്നാംഘട്ട പ്രവൃത്തിയുടെ 80 ശതമാനവും പൂർത്തിയായതായും മന്ത്രി കൂട്ടിച്ചേർത്തു.
ഏഴ് സംസ്ഥാനങ്ങളിലെ പുനരുപയോഗ ഊർജപദ്ധതികളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി പ്രസരണത്തിനാണ് ഇത്രയും കിലോമീറ്റർ ട്രാൻസ്മിഷൻ ലൈൻ സ്ഥാപിക്കുന്നത്. കേന്ദ്ര ധനസഹായം ഉൾപ്പെടെ 12,031.33 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തിക കാര്യ മന്ത്രിസഭ സമിതിയാണ് അംഗീകാരം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.