കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ: ‘ബ്രിജ് ഭൂഷൻ പ്രതിയായ ലൈംഗിക പീഡനക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നു’

ന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിനെതിരെ ഗുസ്തി താരങ്ങൾ. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ പ്രതിയായ ലൈംഗിക പീഡനക്കേസിൽ അന്വേഷണം അട്ടിമറിക്കാൻ മന്ത്രി ശ്രമിക്കുന്നുവെന്ന് വിനേഷ് ഫോഗട്ട് തുറന്നടിച്ചു.  പരാതിയെ കുറിച്ചന്വേഷിക്കാൻ സമിതി രൂപീകരിച്ചത് ഗൂഢോദ്ദേശ്യത്തോടെയെന്നും ഗുസ്തി താരങ്ങൾ ആരോപിച്ചു.

ലൈംഗിക അതിക്രമ, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ അന്വേഷിക്കാൻ സമിതി രൂപവത്കരിക്കുമെന്ന നിർദേശം ജനുവരിയിൽ സമരം നടന്നപ്പോഴാണ് അനുരാഗ് താക്കൂർ മു​​ന്നോട്ടുവെച്ചത്. പിന്നാലെ ബ്രി​ജ് ഭൂ​ഷ​നെ​തി​രാ​യ ആ​രോ​പ​ണം അ​​ന്വേ​ഷി​ക്കാ​ൻ ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ.​ഒ.​എ) ഏ​ഴം​ഗ സ​മി​തി രൂപ​വ​ത്ക​രി​ച്ചു. മേ​രി​കോം, ഡോ​ള ബാ​ന​ർ​ജി, അ​ള​ക​ന​ന്ദ അ​ശോ​ക്, യോ​ഗേ​ശ്വ​ർ ദ​ത്ത്, സ​ഹ്ദേ​വ് യാ​ദ​വ് തു​ട​ങ്ങി​യ​വ​ർ സ​മി​തി​ അം​ഗ​ങ്ങ​ളായിരുന്നു. ഇതിൽ യോ​ഗേ​ശ്വ​ർ ദ​ത്ത് സമരക്കാർക്കെതിരെ കഴിഞ്ഞ ദിവസം പരസ്യമായി രംഗത്തെത്തിയത് വിവാദമായിരുന്നു.

ലൈം​ഗിക പീഡന ആ​രോ​പ​ണം മു​ത​ല്‍ ശാ​രീ​രി​ക ഉ​പ​ദ്ര​വം വ​രെ​യു​ള്ള ഗു​രു​ത​ര കു​റ്റ​ങ്ങ​ളാ​ണ് ഫെ​ഡ​റേ​ഷ​ന്‍ ത​ല​വ​നെ​തി​രെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ വനിതാ ഗുസ്തി താരങ്ങൾ ഉ​ന്ന​യി​ച്ചി​രുന്ന​ത്. എന്നാൽ, കേസിൽ ഡൽഹി പൊലീസ് ഇതുവരെയും പരാതിക്കാരുടെ മൊഴി എടുത്തിട്ടില്ല. നിയമനടപടി ആവശ്യ​പ്പെട്ട് ഗുസ്തി താരങ്ങൾ നടത്തുന്ന രാപ്പകൽ സമരം പതിനൊന്നാം ദിവസത്തിലേക്ക് കടന്നു. ഇയാളെ അറസ്റ്റ് ചെയ്യാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് താരങ്ങൾ.

ഭൂഷൺ പരസ്യമായി വെല്ലുവിളിയും ഭീഷണിയും മുഴക്കുന്നുവെന്നാണ് താരങ്ങൾ പറയുന്നത്. ലൈംഗിക പീഡന പരാതി ആദ്യമെന്ന ഭൂഷന്റെ വാദവും താരങ്ങൾ തള്ളി. 2012 ൽ ലക്നൗ ക്യാമ്പിലെ അതിക്രമ പരാതി പൊലീസ് അവഗണിച്ചെന്നും പ്രതിഷേധിക്കുന്ന താരങ്ങൾ പറഞ്ഞു.

താരങ്ങൾക്ക് പിന്തുണ അറിയിച്ച് കർഷക നേതാവ് രാകേഷ് ടിക്കായത്ത് ജന്തർ മന്തറിൽ എത്തിയിരുന്നു. സംയുക്ത കിസാൻ മോർച്ച താരങ്ങൾക്ക് ഐക്യദാർഢ്യം അറിയിച്ചു രാജ്യവ്യാപക പ്രതിഷേധം നടത്തും.

Tags:    
News Summary - Anurag Thakur Tried To Suppress Sexual Abuse Matter: Olympian Vinesh Phogat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.