പ്രയാഗ് രാജിലെ മഹാ കുംഭമേളയിൽ ദുരന്തമൊഴിയുന്നില്ല; തീർത്ഥാടകർക്ക് വിശ്രമിക്കാനുള്ള ടെന്റുകൾക്ക് തീപിടിച്ചു

ലഖ്നോ: പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിലെ ദുരന്തങ്ങൾക്ക് അറുതിയില്ല. തിക്കിലും തിരക്കിലും പെട്ട് 30ലേറെ ആളുകളുടെ ജീവൻ നഷ്ടമായതിന് പിന്നാലെ കുംഭമേള​ക്കെത്തുന്നവർക്ക് വിശ്രമിക്കാനൊരുക്കിയ ടെന്റുകൾക്ക് തീപിടിക്കുകയും ചെയ്തു. തീപിടിത്തത്തിൽ ആളപായമില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ടെന്റുകൾക്ക് തീപിടിച്ചതായി വിവരം ലഭിച്ചതെന്നും ഉടൻ സ്ഥലത്തെത്തിയെന്നും ഫയർഫോഴ്സ് ഓഫിസർ പ്രമോദ് ശർമ പറഞ്ഞു. റോഡുകളില്ലാത്തത് സംഭവസ്ഥലത്തെത്താൻ വലിയ പ്രയാസം സൃഷ്ടിച്ചതായും ശർമ പറഞ്ഞു. തീ പൂർണമായും അണച്ചിട്ടുണ്ട്. 15 ടെന്റുകൾ കത്തിനശിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണ്.

അതിനിടെ, ബുധനാഴ്ച മഹാകുംഭമേളക്കിടെയുണ്ടായ തിക്കിലുംതിരക്കിലും മരിച്ചവരുടെ എണ്ണം 30 ആയി. 60 പേർക്ക് പരിക്കുണ്ട്.സന്യാസിമാർക്കൊപ്പമുള്ള ഗംഗാ സ്നാനത്തിന് ഭക്തർ തിരക്കുകൂട്ടിയതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നാണ് വിലയിരുത്തൽ. മൗനി അമാവാസി ദിനമായതിനാൽ കോടിക്കണക്കിന് ഭക്തരാണ് ബുധനാഴ്ച സംഗമ സ്നാനത്തിനെത്തിയത്. ഭക്തർ ബാരിക്കേഡ് മറികടന്നതാണ് അപകടത്തിന് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ജനക്കൂട്ടത്തിന്റെ തള്ളലിലാണ് പലരും നിലത്തുവീണതെന്നും ഇവർക്ക് രക്ഷപ്പെടാനായില്ലെന്നും ദൃക്സാക്ഷികൾ പറഞ്ഞു. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. ഇവരിൽ അമ്മയും രണ്ടു പെൺമക്കളും ഉൾപ്പെടെ നാലുപേർ കർണാടക സ്വദേശികളാണ്.

അപകടത്തിൽപെട്ടവരെ സ്ട്രച്ചറുകളിലും ആംബുലൻസുകളിലും പൊലീസ് വാഹനങ്ങളിലുമാണ് ആശുപത്രിയിൽ എത്തിച്ചത്. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തിൽ നടത്തുന്ന അമൃതസ്നാനം മോക്ഷം നൽകുമെന്നാണ് വിശ്വാസം. ദുരന്തത്തിന് പിന്നാലെ നിർത്തിവെച്ച സ്നാനം ബുധനാഴ്ച ഉച്ചക്കുശേഷം പുനരാരംഭിച്ചു.

Tags:    
News Summary - Another fire breaks out at Maha Kumbh, a day after stampede kills 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.