ന്യൂഡൽഹി: ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണേണ്ടത് സമാധാനപരമായ സമരങ്ങളിലൂടെയും ചർച്ചകളിലൂടെയും ജനാധിപത്യ മാർഗങ്ങളിലൂടെയും ആകണമെന്ന് അണ്ണാ ഹസാരെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ ജന്തർ മന്തറിലെ 37 ദിവസം നീണ്ട പ്രതിഷേധം സി.ജെ.പി പിൻവലിച്ചതിന് പിന്നാലെയാണ് പ്രതികരണം.
പൊതുപ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റുമുട്ടലോ അക്രമമോ അല്ല, ജനാധിപത്യമാണ് ദീർഘകാലം നിലനിൽക്കുന്ന ഏക മാർഗം. ജനങ്ങളുടെ ആവശ്യങ്ങൾ ഉയർത്തിക്കാട്ടുമ്പോൾ സമാധാനപരമായ സമീപനവും ചർച്ചകളും അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"22 നിരാഹാര സമരങ്ങൾ നടത്തിയ താൻ ഒരിക്കലും അക്രമം നടത്തിയിട്ടില്ല. അതിന്റെ ഫലമായാണ് 10 നിയമങ്ങൾ പാസായത്. അക്രമം സൃഷ്ടിക്കുന്നത് ഒരിക്കലും ശരിയല്ലെന്നും ആരും അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്നും" ഹസാരെ പറഞ്ഞു.
പരിഹാരത്തിനുള്ള ഏറ്റവും നല്ല മാർഗം ചർച്ചയാണെന്നും, സംഘർഷവും ഏറ്റുമുട്ടലും പ്രശ്നപരിഹാരം വൈകിപ്പിക്കുകയേ ചെയ്യൂവെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.
ഏത് പ്രശ്നത്തിനും പരിഹാരം കാണാൻ കഴിയുന്നത് ചർച്ചയിലൂടെയാണ്. സംവാദമാണ് പരിഹാരത്തിലേക്കുള്ള വഴി. സംഘർഷം സൃഷ്ടിച്ച് തെറ്റായ പാതയിലൂടെ മുന്നോട്ട് പോയാൽ ഒന്നും പരിഹരിക്കാനാകില്ല. ജനങ്ങളുടെ വികാരങ്ങളും അഭിപ്രായങ്ങളും പരിഗണിക്കണമെന്നും ജനക്ഷേമത്തിന് മുൻഗണന നൽകി പ്രവർത്തിക്കണമെന്നും അദ്ദേഹം ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.
നല്ല വിശ്വാസത്തോടെയാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതെന്നും ചർച്ചയിൽ നൽകിയ ഉറപ്പുകൾ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ നടപ്പാക്കുമെന്ന പ്രതീക്ഷയിലാണെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് തീരുമാനം പ്രഖ്യാപിക്കവെ വ്യക്തമാക്കി. ജന്തർ മന്തറിൽ 37 ദിവസം തുടർന്ന പ്രതിഷേധമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ അവസാനിപ്പിച്ചത്. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ് മന്ത്രിയുടെ രാജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.