തെരുവുനായ്ക്കളെ ഇല്ലാതാക്കിയാൽ എലികൾ പെരുകുമെന്ന് മൃഗസ്നേഹികൾ; കൂടുതൽ പൂച്ചകളെ വളർത്തി പരിഹരിക്കാമെന്ന് കോടതി

ന്യൂഡൽഹി: തെരുവുനായ്ക്കളെ ഇല്ലാതാക്കിയാൽ എലികൾ പെരുകുമെന്നും സന്തുലിതാവസ്ഥ നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയ മൃഗസ്നേഹികളോട്, കൂടുതൽ പൂച്ചകളെ വളർത്തി അത് പരിഹരിക്കാമെന്ന് പറഞ്ഞ് സുപ്രീംകോടതി. വ്യാഴാഴ്ച വാദത്തിനിടയിലാണ് സുപ്രീംകോടതി പരാമർശം.

മനുഷ്യരിലുണ്ടാകുന്ന ഭയം നായ്ക്കൾക്ക് മണത്തറിയാനാകുമെന്നും ഇത്തരത്തിലാണ് അവർ മനുഷ്യരെ കടിക്കുന്നതെന്നും വ്യാഴാഴ്ച വാദത്തിനിടെ ബെഞ്ച് ചൂണ്ടിക്കാട്ടി. നായ്ക്കൾ എപ്പോൾ ആക്രമിക്കുമെന്ന് പ്രവചിക്കാൻ സാധിക്കില്ല. അതിനാൽ പൊതുസ്ഥാപനങ്ങളുടെ പരിസരത്തുനിന്ന് സുരക്ഷ കാരണങ്ങൾ മുൻനിർത്തി അവയെ നീക്കം ചെയ്യണം. തെരുവുനായ്ക്കളെ പൂർണമായും തുടച്ചുനീക്കാനല്ല അവയുടെ എണ്ണം നിയന്ത്രിക്കുന്നതിന് മൃഗ ജനന നിയന്ത്രണ (എ.ബി.സി) നിയമങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് തെരുവുനായ് കേസിൽ വാദം കേൾക്കുന്നതിനിടെ കോടതി വ്യക്തമാക്കി.

തെരുനായ്ക്കളെ വന്ധ്യംകരിക്കുക, വാക്സിനേഷൻ നൽകുക, അതേസ്ഥലത്ത് തുറന്നുവിടുക എന്നതാണ് എ.ബി.സി നിയമപ്രകാരം ചെയ്യേണ്ടത്. എന്നാൽ, ഇത് നടപ്പാക്കുന്നതിൽ പല സംസ്ഥാനങ്ങളും മുനിസിപ്പാലിറ്റികളും പരാജയപ്പെട്ടുവെന്നും കോടതി വ്യാഴാഴ്ചയും വാദം കേൾക്കുന്നതിനിടെ ആവർത്തിച്ചു. ഡൽഹി സർവകലാശാലയിൽ തെരുവുനായ്ക്കളെ നിയന്ത്രണ വിധേയമാക്കിയത് കോടതി ചൂണ്ടിക്കാട്ടി.

ആളുകളെ കടിക്കാതിരിക്കാൻ നായ്ക്കൾക്ക് കൗൺസലിങ് കൊടുക്കുക മാത്രമാണ് ഇനി പോംവഴി​യെന്ന് കഴിഞ്ഞദിവസം ജസ്റ്റിസ് വി​ക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഹസിച്ചിരുന്നു.

Tags:    
News Summary - Animal lovers say that eliminating stray dogs will increase the number of rats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.