ന്യൂഡൽഹി: എം.എൽ.എ ഹോസ്റ്റലിൽ നിന്ന് വിതരണം ചെയ്ത ഭക്ഷണത്തിന് നിലവാരമില്ലെന്ന് ആരോപിച്ച് കാന്റീൻ ഓപ്പറേറ്ററെ തല്ലി ശിവസേന എം.എൽ.എ സഞ്ജയ് ഗെയ്ക്‍വാദ്. മുംബൈയിലെ അകാശ്‍വാനി എം.എൽ.എ റസിഡൻസിയിലാണ് സംഭവം. ബുൽദാനയിൽ നിന്ന് രണ്ട് തവണ എം.എൽ.എ ഗെയ്ക്വാദ് ശിവസേന എക്നാഥ് ഷിൻഡെ വിഭാഗം നേതാവാണ്.
എം.എൽ.എ ഹോസ്റ്റലിലെ താഴത്തെ നിലയിലാണ് ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നത്. ഹോസ്റ്റലിൽ വിതരണം ചെയ്ത പരിപ്പ്കറിക്ക് നിലവാരം ഇല്ലെന്നാണ് എം.എൽ.എ ആരോപിച്ചത്. ഭക്ഷണം കഴിച്ചതിന് പിന്നാലെ തനിക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായതായും എം.എൽ.എ പരാതിപ്പെട്ടു.
ഇയാൾ കാന്റീൻ ഓപ്പറേറ്ററെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഒരു പാക്കറ്റ് പരിപ്പ് കറിയെടുത്ത് ഓപ്പറേറ്ററോട് ഇയാൾ മണത്ത് നോക്കാൻ ആവശ്യപ്പെടുന്നതും പിന്നീട് ഇയാളെ മർദിക്കുന്നതും കാണാം. എം.എൽ.എയുടെ മർദനത്തിൽ കോൺട്രാക്ടർ താഴെ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം.
മർദനത്തിന് പിന്നാലെ തന്റേതായ ശൈലിയിൽ താൻ കാന്റീൻ ഓപ്പറേറ്ററെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു. മൂന്ന് തവണ ഭക്ഷണത്തിന്റെ നിലവാരത്തെ കുറിച്ച് പരാതിപ്പെട്ടുവെങ്കിലും നടപടിയുണ്ടായില്ല. വിഷയം ഇനിയും നിയമസഭയിൽ ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായല്ല ഗെയ്ക്‍വാദ് വിവാദത്തിലാവുന്നത്. മുമ്പ് രാഹുൽ ഗാന്ധിയുടെ കൈവെട്ടുന്നവർക്ക് 11 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചും ഇയാൾ വിവാദത്തിലായിരുന്നു. ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിനെതിരെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെക്കെതിരേയും ഇയാൾ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.