അമിത് ഷാ ഇന്ന് ചെങ്കോട്ടയിലേക്ക്; സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരെ സന്ദർശിക്കും

ന്യൂഡല്‍ഹി: ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ചെങ്കോട്ട സന്ദര്‍ശിക്കും. റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ പോലീസുകാരെ ആശുപത്രികളിലെത്തി സന്ദർശിക്കുകയാണ് ലക്ഷ്യം. ഡൽഹി പൊലീസ് കമീഷണർ എസ്.എൻ. ശ്രീവാസ്തവയും ആഭ്യന്തരമന്ത്രിയെ അനുഗമിക്കും.

ഉച്ചക്ക് 12 മണിയോടെ വടക്കന്‍ ഡല്‍ഹിയിലെ സിവില്‍ ലൈനിലുള്ള സുശ്രുത് ട്രോമ സെന്റര്‍, തീർഥ് റാം ആശുപത്രി എന്നിവിടങ്ങളിലെത്തി പരിക്കേറ്റ പോലീസുദ്യോഗസ്ഥരുടെ ആരോഗ്യസ്ഥിതി ആരായും. 400 പൊലീസ് ഉദ്യോഗസ്ഥർക്കാണ് സംഘർഷത്തിൽ പരിക്കേറ്റതെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

തലസ്ഥാനത്തെ പിടിച്ചുകുലുക്കിയ സംഘര്‍ഷത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് അമിത്ഷായുടെ സന്ദർശനം. കര്‍ഷക നേതാക്കളടക്കം അക്രമത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

എന്നാൽ, കര്‍ഷകരെ അപകീര്‍ത്തിപ്പെടുത്താന്‍ സാമൂഹിക വിരുദ്ധരെ ചെങ്കോട്ടയിലേക്ക് കടത്തിവിട്ടതാണെന്നും പൊലീസിനും രഹസ്യ അന്വേഷണ വിഭാഗത്തിനും വീഴ്ച പറ്റിയെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.