ന്യൂഡൽഹി: രാജ്യത്ത് ഇംഗ്ലീഷിൽ സംസാരിക്കുക എന്നത് നാണക്കേടായി മാറുന്ന കാലം വിദൂരമല്ലെന്ന പരാമർശം വിവാദമായതോടെ നിലപാട് മാറ്റി കേന്ദ്രമന്ത്രി അമിത് ഷാ. വിദേശ ഭാഷകളോട് എതിർപ്പില്ലെന്നും ഹിന്ദി മറ്റ് ഇന്ത്യൻ ഭാഷകളുടെ സുഹൃത്താണെന്നുമായിരുന്നു പുതിയ പരാമർശം. കേന്ദ്ര സർക്കാറിന്റെ ഔദ്യോഗിക ഭാഷാ വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാദേശിക ഭാഷയിൽ മെഡിക്കൽ, എൻജിനീയറിങ് വിദ്യാഭ്യാസം നൽകുന്നതിന് സംസ്ഥാന സർക്കാറുകൾ മുൻകൈയെടുക്കണമെന്നും അമിത് ഷാ പറഞ്ഞു. ഭരണപരമായ കാര്യങ്ങളിൽ പ്രാദേശിക ഭാഷ പ്രാവർത്തികമാക്കാൻ സംസ്ഥാന സർക്കാറുകളെ കേന്ദ്രം സഹായിക്കുമെന്നും, സ്വന്തം ഭാഷയിൽ അഭിമാനം കൊള്ളുന്നതുവരെ അടിമത്ത മാനസികാവസ്ഥയിൽനിന്ന് മുക്തനാകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കേണ്ടിവരും, നമ്മുടെ സംസ്കാരവും ചരിത്രവും മതവും മനസ്സിലാക്കാൻ വിദേശ ഭാഷകൾ കൊണ്ട് സാധ്യമല്ല. ആത്മാഭിമാനത്തോടെ നമ്മൾ നമ്മുടെ സ്വന്തം ഭാഷകളിൽ രാജ്യം ഭരിക്കും, ലോകത്തെയും നയിക്കും’ എന്നായിരുന്നു അമിത് ഷായുടെ ജൂൺ 19ലെ വിവാദ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.