അരുണ്‍ ജെയ്റ്റ്ലിയും അമിത് ഷായും ജയലളിതയെ സന്ദര്‍ശിച്ചു

ചെന്നൈ: കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും മുഖ്യമന്ത്രി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയിലത്തെി. മെഡിക്കല്‍ സംഘം ആരോഗ്യനില വിശദീകരിച്ചു. സുരക്ഷാകാരണങ്ങളാല്‍ പുറത്തു കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ ഇവര്‍ തയാറായില്ല. മുഖ്യമന്ത്രി ജയലളിത വേഗം സുഖംപ്രാപിക്കട്ടെയെന്ന് ഇരുവരും ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. സംസ്ഥാനത്തുനിന്നുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ പൊന്‍ രാധാകൃഷ്ണന്‍, എല്‍. ഗണേശന്‍ എം.പി, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് ഡോ. തമിഴിസൈ സൗന്ദര്‍ രാജന്‍, ദേശീയ സെക്രട്ടറി എച്ച്. രാജ എന്നിവര്‍ ദേശീയ നേതാക്കളെ അനുഗമിച്ചു. 

ഇതിനിടെ, ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് അഭ്യൂഹം പ്രചരിപ്പിച്ചതിന് ചെന്നൈ പൊലീസ് ഒമ്പതു പേര്‍ക്കെതിരെക്കൂടി കേസെടുത്തു. ഈ വിഷയത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 52 ആയി. കഴിഞ്ഞദിവസം അറസ്റ്റിലായ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ റിമാന്‍ഡിലാണ്. സാമൂഹികമാധ്യമങ്ങളിലെ അഭ്യൂഹപ്രചാരണം ചെറുത്ത് പ്രചാരണം തുടങ്ങാന്‍ അണ്ണാ ഡി.എം.കെ ഐ.ടി വിഭാഗം ശ്രമങ്ങള്‍ തുടങ്ങി. എന്‍െറ മുഖ്യമന്ത്രി ആരോഗ്യവതി എന്ന പേരില്‍ ട്വിറ്ററില്‍ കാമ്പയിന്‍ ആരംഭിച്ചു. ജയലളിതയെക്കുറിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ അഭിപ്രായങ്ങളും കുറിപ്പുകളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടും. 

ജയലളിത വഹിച്ചിരുന്ന വകുപ്പുകള്‍ ധനമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന് നല്‍കി താല്‍ക്കാലിക ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു പുറത്തിറക്കിയ ഉത്തരവിന്‍െറ വിശ്വാസ്യത ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധി ചോദ്യംചെയ്തു. മുഖ്യമന്ത്രിയായ ജയലളിതയുടെ അഭ്യര്‍ഥനയത്തെുടര്‍ന്ന് ആര്‍ട്ടിക്ക്ള്‍ 166 (3) പ്രകാരം  വകുപ്പ് ചുമതല ധനമന്ത്രിക്ക് നല്‍കുന്നെന്നായിരുന്നു കഴിഞ്ഞദിവസം ഇറങ്ങിയ ഗവര്‍ണറുടെ ഉത്തരവില്‍ സൂചിപ്പിച്ചിരുന്നത്. പ്രമുഖ വ്യക്തികളായ സന്ദര്‍ശകരെപ്പോലും കാണാതെ ദിവസങ്ങളായി ആശുപത്രിയില്‍ കഴിയുന്ന ജയലളിത നിര്‍ദേശിച്ചെന്നത് അദ്ഭുതം ഉളവാക്കുന്നതായി കരുണാനിധി പ്രസ്താവനയില്‍ പറഞ്ഞു. കേരള ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കോണ്‍ഗ്രസ് ദേശീയ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവരും കേന്ദ്രമന്ത്രിമാരും രോഗശാന്തി നേരാനായി ആശുപത്രിയില്‍ എത്തിയിട്ടും ചികിത്സ കാരണം നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല. ചുരുങ്ങിയ സമയത്തിനുള്ളില്‍ ആക്ടിങ് ഗവര്‍ണര്‍ക്ക് ഭരണഘടനയുടെ വിവിധ വകുപ്പുകള്‍ പരിശോധിക്കാന്‍ സമയം കിട്ടിക്കാണില്ളെന്നും കരുണാനിധി ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ ഉത്തരവിന്‍െറ വിശ്വാസ്യത ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയകാന്തും ചോദ്യംചെയ്തു. അതേസമയം, വകുപ്പുകള്‍ മാറ്റിനല്‍കിയതിനെ ഡി.എം.കെ ട്രഷററും  പ്രതിപക്ഷനേതാവുംകൂടിയായ എം.കെ. സ്റ്റാലിന്‍, തമിഴ് മാനില കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ജി.കെ. വാസന്‍ എന്നിവര്‍ സ്വാഗതം ചെയ്തു. 

ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് രണ്ടു ദിവസമായി  മെഡിക്കല്‍ ബുള്ളറ്റിനുകള്‍ അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടില്ല. ആരോഗ്യനില പഴയതുപോലെ തുടരുന്നെന്നാണ് സൂചന. അതീവ തീവ്രവിഭാഗത്തിലാണ് ജയലളിത കഴിയുന്നത്.   

Tags:    
News Summary - Amit Shah, Arun Jaitley visited Jayalalitha at Appolo Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.