ശ്രീനഗർ: ഒരിക്കൽ ഭീകരരെന്ന് മുദ്ര കുത്തിയ താലിബാനുമായി ചർച്ചനടത്തുന്ന കേന്ദ്രസർക്കാർ സ്വന്തം ജനങ്ങളോട് മുഖം തിരിക്കുന്നതെന്തെന്ന് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി അധ്യക്ഷയും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി.
ശ്രീനഗറിൽ സംഘടിപ്പിച്ച പാർട്ടി കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു മുഫ്തി. ഒരിക്കൽ തീവ്രവാദികൾ എന്ന് താലിബാനെ വിശേഷിപ്പിച്ച കേന്ദ്രസർക്കാർ ഇപ്പോൾ അവരുമായി ചർച്ച നടത്തുകയാണ്. അതേസമയം, സ്വന്തം ആളുകളെ കെട്ടിയിട്ടിരിക്കുന്നു. എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ കശ്മീരികളെ മിണ്ടാനനുവദിക്കാത്തതെന്നും മെഹബൂബ ചോദിച്ചു.
എണ്ണമറ്റ കൊലപാതകങ്ങൾക്ക് ഉത്തരവാദികൾ എന്ന് താലിബാനെ വിളിച്ചവർ ശനിയാഴ്ച അവരെ സല്യൂട്ട് ചെയ്യുന്നത് കണ്ടു. ബി.ജെ.പി അടച്ചുപൂട്ടാൻ ശ്രമിച്ച ദാറുൽ ഉലൂം ദിയോബന്ദിലേക്ക് താലിബാൻ വിദേശകാര്യമന്ത്രി ആമിർ ഖാൻ മുത്തഖി എത്തിയപ്പോൾ ബി.ജെ.പി പുഷ്പവൃഷ്ടി നടത്തിയെന്നും മെഹബൂബ പറഞ്ഞു.
‘നിങ്ങളുടെ ആളുകൾ ഇന്ത്യൻ മുസ്‍ലിങ്ങളുടെ താടിരോമങ്ങൾ പിഴുതെടുക്കുകയും തൊപ്പി തട്ടിപ്പറിക്കുകയും ചെയ്യുമ്പോൾ നിങ്ങൾ നീണ്ട താടിയും വലിയ ടർബനുകളുമുള്ള താലിബാന് മുന്നിൽ കൈ കെട്ടിയിരുന്ന് ചർച്ച നടത്തുന്നു. ആദ്യം നിങ്ങൾ പള്ളികളും മദ്രസകളും വീടും തകർക്കുന്ന രാജ്യത്തെ മുസ്‍ലിങ്ങളുമായുള്ള ബന്ധമാണ് മെച്ചപ്പെടുത്തേണ്ടത്,’ -മെഹബൂബ പറഞ്ഞു.
ഇന്ത്യൻ മുസ്‍ലിങ്ങളെ സർക്കാർ വിശ്വാസത്തിലെടുക്കണമെന്ന് മുഫ്തി പറഞ്ഞു. പാകിസ്താനോട് വിയോജിച്ച് ഇന്ത്യയുമായി കൈകോർത്തവരാണ് കശ്മീരികൾ. എന്നാൽ, അവരുടെ ജീവിതം ഇന്ന് ദുരിതപൂർണമാണെന്നും മുഫ്തി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.