എയർ ഇന്ത്യ അപകടം: എയർലൈൻ ജീവനക്കാരുടെ ക്ഷീണ സാധ്യകൾ ചെറുക്കാൻ കരട് നിർദേശങ്ങൾ പുറത്തിറക്കി

ന്യൂഡൽഹി: വിമാന ജീവനക്കാരുടെ ക്ഷീണം മൂലമുള്ള അപകട സാധ്യത കൈകാര്യം ചെയ്യുന്നതിനായി വിമാനക്കമ്പനികൾക്ക് കരട് മാർഗനിർദേശങ്ങൾ അടങ്ങിയ ചട്ടക്കൂട് വ്യോമയാന സുരക്ഷാ നിരീക്ഷണ ഏജൻസിയായ ഡി.ജി.സി.എ പുറത്തിറക്കി.

എയർലൈൻ ജീവനക്കാർക്കിടയിലെ ക്ഷീണവുമായി ബന്ധപ്പെട്ട് ആകാശ യാത്രക്കിടെയുള്ള സുരക്ഷ സംബന്ധിച്ച് വിവിധ മേഖലകളിൽ നിന്നുയരുന്ന ആശങ്കകൾക്കിടയിലാണിത്. പൈലറ്റുമാർക്കുള്ള പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി സമയ പരിധി മാനദണ്ഡങ്ങൾ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. അവ ഘട്ടം ഘട്ടമായി നടപ്പിലാക്കി വരികയാണ്.

‘ഷെഡ്യൂൾഡ് എയർ ട്രാൻസ്പോർട്ട് ഓപ്പറേഷനുകളിലെ വിമാന ജീവനക്കാർക്കുള്ള ക്ഷീണ അപകടസാധ്യത മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കൽ’ എന്ന തലക്കെട്ടിലുള്ള കരടു നിർദേശത്തിൽ, ശാസ്ത്രീയവും ഡാറ്റാ അധിഷ്ഠിതവുമായ ക്ഷീണ മാനേജ്മെന്റ് സമീപനങ്ങളിലൂടെ വിമാന സുരക്ഷ വർധിപ്പിക്കുന്ന പ്രക്രിയകൾ, ആവശ്യകതകൾ, മേൽനോട്ട സംവിധാനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിശദമായ മാർഗനിർദേശ സർക്കുലർ നൽകുന്നുവെന്ന് റെഗുലേറ്റർ അറിയിച്ചു. സെപ്റ്റംബർ 15നകം നിർദിഷ്ട മാർഗനിർദേശങ്ങളെക്കുറിച്ച് എയർലൈനുകളും പൈലറ്റ് അസോസിയേഷനുകളും ഉൾപ്പെടെയുള്ളവരിൽ നിന്ന് റെഗുലേറ്റർ അഭിപ്രായങ്ങൾ തേടിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സിവിൽ ഏവിയേഷൻ വിപണികളിൽ ഒന്നാണ് ഇന്ത്യ. ആഭ്യന്തര വിമാനക്കമ്പനികൾ അവരുടെ ശൃംഖല വികസിപ്പിക്കുന്നതിനനുസരിച്ച് 1,700ലധികം പുതിയ വിമാനങ്ങൾ ഓർഡർ ചെയ്തിട്ടുള്ളതിനാൽ അടുത്ത 15-20 വർഷത്തിനുള്ളിൽ ഇന്ത്യക്ക് 30,000 പൈലറ്റുമാരെ ആവശ്യമായി വരുമെന്ന് ഈ വർഷം മാർച്ചിൽ സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു പറഞ്ഞിരുന്നു. 

Tags:    
News Summary - Amid Air India crash probe, aviation regulator drafts guidelines to fight fatigue risk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.