ജടോലിക ബസ്: രാജസ്ഥാനിൽ ഗോ രക്ഷ ഗുണ്ടകൾ കൊലചെയത ഉമർ മുഹമ്മദിന്‍റെ മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കും മുൻപ് തന്നെ തലയില്ലായിരുന്നുവെന്ന് മൃതദേഹം ആദ്യം കണ്ട റെയിൽവേ ജീവനക്കാരനായ സോനു കുമാർ പറഞ്ഞു. പാളത്തിന് സമാന്തരമായിരുന്നു മൃതദേഹം കിടന്നിരുന്നത്. എന്നാൽ തല മറ്റൊരു ഭാഗത്തായാണ് ഉണ്ടായിരുന്നത്. കാലുകളിൽ മുറിവുകൾ ഉണ്ടായിരുന്നു. എന്നാൽ വെടിയേറ്റതിന്‍റെ മുറിവുകൾ ശരീരത്തിൽ ഇല്ലായിരുന്നെന്നന്നും കുമാർ വ്യക്തമാക്കി. മൂന്ന് നാല് മണിക്കൂറുകളിൽ ആരു തന്നെ ഇവിടെ എത്തിയിട്ടില്ലെന്നും സോനു പറഞ്ഞു.
സോനുകുമാറിന്‍റെ വിശദീകരണത്തെ ശരിവെച്ച് ഒപ്പം തന്നെ ജോലി ചെയ്യുന്ന ജഗദീഷ് പ്രസാദും രംഗത്ത് വന്നിട്ടുണ്ട്. 10 വർഷമായി താൻ റെയിൽവേയിൽ ജോലി ചെയ്യുന്നയാളാണ് ട്രെയിൻ ശരീരത്തിലൂടെ കയറിയാൽ ഇത്തരത്തിൽ ഒരു തല വേർപ്പെടില്ലെന്നും മുൻപ് തന്നെ മൃതദേഹത്തിന്‍റെ തല നഷ്ടപ്പെട്ടിരുന്നെന്നും ജഗദീഷ് കുമാർ പറഞ്ഞു.
രമഗ്രക്കും ജഡോലിക ബസിനുമിടയിലുള്ള റെയിൽവേ പാളത്തിലാണ് നവംബർ 10ന് ഉമർ മുഹമ്മദിന്‍റെ മൃതദേഹം കണ്ടെത്തിയത്. വെടിവെപ്പിനുശേഷം റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ച മൃതദേഹം ട്രെയിൻ കയറി വികൃതമായതാകാമെന്നായിരുന്നു പോലീസ് നിഗമനം. ഉമറിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. ഹരിയാനയിലേക്ക് പശുക്കളുമായി പിക്കപ്പ് വാനിൽ പോവുകയായിരുന്ന ഉമറിനെ ഗോ രക്ഷാ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു.
അതേസമയം ഉമറിന്‍റെ മൃതദേഹം വികൃതമാക്കിയതും തല അറുത്തതും തങ്ങളാണെന്ന പ്രതികൾ സമ്മതിച്ചതായി അൽവാർ അഡീഷ്ണൽ പൊലീസ് സൂപ്രണ്ട് മൂൽസിങ് റാണ പറഞ്ഞു. അപകട മരണമെന്ന് വരുത്തി തീർക്കാനാണ് മൃതദേഹം വികൃതമാക്കിയത്. പ്രതികൾ ഗോ രക്ഷാ പ്രവർത്തകരാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.