ആൾട്ട് ന്യൂസ് സഹസ്ഥാപകൻ സുബൈറിന്റെ ജീവന് ഭീഷണിയെന്ന് അഭിഭാഷകൻ സുപ്രീംകോടതിയിൽ

ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ഇത് ഏറെ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ഇത് പരിഗണിച്ച് സുബൈറിന് ജാമ്യം അനുവദിക്കണമെന്നും മുതിർന്ന അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് സുപ്രീംകോടതിയോട് ആവശ്യപ്പെട്ടു.

ചെയ്യാത്ത കുറ്റത്തിന് യു.പി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുബൈർ ഹരജി നൽകിയ കാര്യം പരാമർശിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഈ കേസിൽ സീതാപുർ കോടതി സുബൈറിനെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ചീഫ് ജസ്റ്റിസ് അനുമതി നൽകിയാൽ വെള്ളിയാഴ്ച കേൾക്കാമെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് അറിയിച്ചു. ഹിന്ദുസന്യാസിമാരെ വിദ്വേഷ പ്രചാരകരെന്ന് വിളിച്ചുവെന്ന് ആരോപിച്ച് തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാണ് സുബൈറിന്‍റെ ഹരജിയിലെ ആവശ്യം. എഫ്.ഐ.ആർ ഒന്നു നോക്കിയാൽ തന്നെ കുറ്റം നിലനിൽക്കില്ലെന്ന് മനസ്സിലാകുമെന്ന് കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. അലഹബാദ് ഹൈകോടതിയെ ഈ ആവശ്യവുമായി സമീപിച്ചുവെങ്കിലും ഹരജി തള്ളുകയായിരുന്നു. മുഹമ്മദ് സുബൈറിന്‍റെ ജീവന് ഭീഷണി ഉണ്ട്. ഇക്കാര്യത്തിൽ ശരിക്കും ആശങ്കയുണ്ട്.

നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തുകൊണ്ടിരിക്കുകയാണ്. അതിനാൽ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ ഹരജി പരിഗണിക്കണമെന്ന് കോളിൻ ഗോൺസാൽവസ് ആവശ്യപ്പെട്ടു. ഹരജി വെള്ളിയാഴ്ച കേൾക്കാമെന്നും എന്നാൽ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തുന്നതിനെ ആശ്രയിച്ചായിരിക്കും കേസ് വരുകയെന്നും ജസ്റ്റിസ് ഇന്ദിര ബാനർജി പറഞ്ഞു.ഹിന്ദി സിനിമയിലെ ചിത്രം ട്വീറ്റ് ചെയ്തതിലൂടെ വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ചയാണ് ഡൽഹി പൊലീസ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്.

അതിനിടയിലാണ് 'ഹിന്ദു ലയൺ ആർമി' ജില്ല പ്രസിഡന്‍റ് ഭഗവാൻ ശരൺ നൽകിയ പരാതിയിൽ യു.പി പൊലീസ് കഴിഞ്ഞമാസം മൂന്നിന് രജിസ്റ്റർ ചെയ്ത കേസിൽ സീതാപുർ കോടതിയിൽ ഹാജരാക്കിയത്. ധരം സൻസദിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ യതി നരസിംഘാനന്ദ സരസ്വതി, ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വിദ്വേഷ പ്രചാരകരെന്ന് ട്വീറ്റ് ചെയ്തു എന്നാണ് സുബൈറിന് മേൽ 'ഹിന്ദു ലയൺ ആർമി' ആരോപിച്ച കുറ്റം.

Tags:    
News Summary - Alt News co-founder Mohammed Zubair in the Supreme Court to cancel the FIR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.