രേഖ ഗുപ്ത

എ.ബി.വി.പിയിലൂടെ രാഷ്ട്രീയത്തിലേക്ക്, ഡി.യു വിദ്യാർഥി യൂനിയൻ ചെയർപേഴ്സൺ; പർവേശ് വർമയെ വെട്ടി ഡൽഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് പന്ത്രണ്ടാം നാളാണ് ബി.ജെ.പി ഡൽഹിയിലെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിനെ തോൽപ്പിച്ച് ഈ ​തെരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ പർവേശ് വർമ മുഖ്യമന്ത്രിസ്ഥാനത്ത് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ നറുക്ക് വീണത് പക്ഷേ ഷാലിമാർ ബാഗിൽ നിന്നുള്ള എം.എൽ.എ രേഖ ഗുപ്തക്കാണ്. ദീർഘകാല രാഷ്ട്രീയ പരിചയമുള്ള നേതാവാണ് നിയുക്ത ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത.

1974 ജൂലൈ 19ന് ഹരിയാനയിലെ ജിന്ദിലുള്ള നന്ദ്ഗഡ് ഗ്രാമത്തിൽ ബാങ്ക് ഉദ്യോഗസ്ഥന്‍റെ മകളായാണ് രേഖ ഗുപ്ത ജനിച്ചത്. ചെറുപ്രായത്തിൽതന്നെ കുടുംബം ഡൽഹിയിലേക്ക് മാറിയിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെയാണ് രേഖ ബി.ജെ.പിയിലേക്ക് എത്തുന്നത്. അഭിഭാഷകയായ അവർ ഡൽഹി യൂനിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായാണ് രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. 1996-97 കാലയളവിലായിരുന്നു ഇത്.

പിന്നീട് മുൻസിപ്പൽ തെരഞ്ഞെടുപ്പുകളിലേക്ക് ചുവടുമാറ്റി. 2007ൽ ഡൽഹി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ വിജയിച്ചു. 2012ലും വിജയമാവർത്തിക്കാൻ അവർക്ക് സാധിച്ചതോടെ മുതിർന്ന നേതാക്കളുട ശ്രദ്ധ പിടിച്ചുപറ്റാനും രേഖ ഗുപ്തക്കായി. നിലവിൽ ഡൽഹി ബി.ജെ.പിയിൽ ജനറൽ സെക്രട്ടറിയാണ് രേഖ ഗുപ്ത. ബി.ജെ.പി മഹിള മോർച്ച ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനവും അവർ വഹിച്ചിട്ടുണ്ട്.

50കാരിയായ രേഖ ഗുപ്ത, ഡൽഹി ഷാലിമാർ ബാഗ് സീറ്റിൽ 29,000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എ.എ.പിയുടെ ബന്ദന കുമാരിക്കെതിരെ ജയിച്ചത്. ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യമന്ത്രിയായി രേഖ ഗുപ്ത അധികാരമേൽക്കുമ്പോൾ, നിലവിൽ രാജ്യത്ത് ബി.ജെ.പിയുടെ ഏക വനിത മുഖ്യമന്ത്രി കൂടിയാണ് ഇവർ എന്ന പ്രത്യേകതയുമുണ്ട്. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവരാണ് നേരത്തെ ഡൽഹിയിൽ മുഖ്യമന്ത്രിയായ വനിതകൾ.

“മുഖ്യമന്ത്രി പദവി എന്നെ ഏൽപ്പിക്കാനും എന്നിൽ വിശ്വാസമർപ്പിക്കുകയും ചെയ്ത നേതൃത്വത്തിന് നന്ദി. നിങ്ങൾ നൽകുന്ന പിന്തുണ എനിക്ക് ഊർജവും പ്രചോദനവുമാണ്. ഡൽഹി ജനതയുടെ ക്ഷേമത്തിനും വികസനത്തിനുമായി സത്യസന്ധവും ആത്മാർഥവുമായി പ്രവർത്തിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു. ഡൽഹിയെ പുതിയ ഉയരങ്ങളിലെത്തിക്കാൻ എന്‍റെ ആത്മാർഥമായ ഇടപെടലുണ്ടാകും” - ബി.ജെ.പി പ്രഖ്യാപനത്തിനു പിന്നാലെ രേഖ ഗുപ്ത എക്സിൽ കുറിച്ചു.

27 വർഷത്തിനു ശേഷമാണ് ബി.ജെ.പി രാജ്യതലസ്ഥാനത്ത് അധികാരം പിടിക്കുന്നത്. 70ൽ 48 സീറ്റിലും ബി.ജെ.പി വിജയിച്ചു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിൽ മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ എ.എ.പി 22 സീറ്റുകളിലേക്ക് ഒതുങ്ങി. തുടർച്ചയായ മൂന്നാം തവണയും കോൺഗ്രസിന് ഒറ്റ സീറ്റുപോലും നേടാനായില്ല. രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ വ്യഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

Tags:    
News Summary - All About Rekha Gupta, Who Will Be Delhi's Fourth Woman Chief Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.