ഹിന്ദു സംഘടനകളുടെ പ്രതിഷേധം; മിശ്ര വിവാഹിതരായ ദമ്പതികളുടെ വിവാഹ ചടങ്ങുകളിൽ നിന്ന് പിന്മാറി കുടുംബം

ലഖ്നോ: ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മിശ്ര വിവാഹിതരായ ദമ്പതികളെ വീട്ടിലേക്ക് സ്വീകരിക്കാനുള്ള ചടങ്ങുകളിൽ നിന്ന് പിന്മാറി രക്ഷിതാക്കൾ.

വിവാഹശേഷം ശേഷം ആദ്യമായി അലിഗഢിലെ തങ്ങളുടെ വീട്ടിലേക്ക് എത്തിയതായിരുന്നു ദമ്പതികൾ. ഇരുവരും വരുന്നതിന്റെ സന്തോഷം ആഘോഷിക്കാനായി നടത്താനിരുന്ന ചടങ്ങുകളാണ് ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചത്.

സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം കുടുംബങ്ങളുടെ സാന്നിധ്യത്തിൽ മാർച്ചിൽ വിവാഹിതരായ ഇരുവരും സാൻ ഫ്രാൻസിസ്കോ കോൺസുലേറ്റ് ജനറലിൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നു. ഇവരുടെ ചടങ്ങുകളുടെ ക്ഷണക്കത്ത് പങ്കുവെച്ചതിലൂടെയാണ് ഹിന്ദു സംഘടനകൾ വിവരം അറിഞ്ഞത്‌. തുടർന്ന് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

സംഭവത്തിൽ വിവിധ സംഘടനകൾ കളക്ടറേറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തുകയും സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്ക് നിവേദനം നൽകുകയും ചെയ്തു. വിവാഹിതരായ ഇതരമതസ്ഥരുടെ ഇത്തരം ചടങ്ങുകൾ ഭാവിയിൽ മറ്റ് യുവതി യുവാക്കൾക്കും പ്രചോദനമാകുമെന്നാണ് സംഘടനകളുടെ വാദം.

അമേരിക്കയിൽ മൾട്ടിനാഷണൽ കമ്പനികളിൽ ജോലി ചെയ്യുന്ന ദമ്പതികൾ അലിഗഢ് സ്വദേശികളാണ്. ചില കാരണങ്ങളാൽ ദമ്പതികൾക്ക് വിവാഹത്തിനായി ഇന്ത്യയിലേക്ക് വരാനായി കഴിഞ്ഞിരുന്നില്ല. അതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് കുടുംബങ്ങളും യു.എസിലേക്ക് പോവുകയായിരുന്നു.

‘സ്പെഷ്യൽ മാര്യേജ് ആക്ട്, അമേരിക്കൻ സിവിൽ നിയമം എന്നിവയുടെ വ്യവസ്ഥകൾ പ്രകാരം മാർച്ച് 28 നാണ് ഇവരുടെ വിവാഹം നടന്നത്. സർട്ടിഫിക്കേഷൻ ലഭിച്ചതിന് ശേഷം, വിവാഹം സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റ് ജനറലിൽ രജിസ്റ്റർ ചെയ്യുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് പറഞ്ഞു.

ദമ്പതികൾ അടുത്തിടെയാണ് ഇന്ത്യയിലെത്തിയത്. ഡിസംബർ 21 ന് വിവാഹ ശേഷമുള്ള ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ചടങ്ങുകൾ മാറ്റിവെക്കാൻ തീരുമാനിച്ചുവെന്ന് യുവതിയുടെ പിതാവ് കൂട്ടിച്ചേർത്തു. കുടുംബം സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ തീരുമാനം അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - aligarh-family-cancels-get-together-for-interfaith-couple-visiting-from-abroad-after-protest-from-hindu-outfits

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.