‘ലൗ ജിഹാദ്’ വീണ്ടും രാഷ്ട്രീയ ആയുധമാക്കാൻ യോഗി, മറുപടിയുമായി അഖിലേഷ്

ന്യൂഡൽഹി: ‘ലൗ ജിഹാദ്’, ‘ലാൻഡ് ജിഹാദ്’ എന്നീ പ്രയോഗങ്ങൾ നടത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്ന ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് രൂക്ഷമായ മറുപടിയുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. യോഗി ആദിത്യനാഥിന് ‘സ്നേഹത്തെക്കുറിച്ച് ഒന്നും അറിയില്ല’ എന്നും അദ്ദേഹത്തിന് മണ്ണിലാണ് താൽപര്യമെന്നും അഖിലേഷ് യാദവ് പരിഹസിച്ചു.

ലഖ്‌നൗവിൽ നടന്ന ഒമ്പത് ദിവസത്തെ രാംകഥാ മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് വിവാദ പരാമർശങ്ങൾ നടത്തിയത്. രാജ്യത്തിന്റെ ജനസംഖ്യാപരമായ ഘടന മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും യോഗി പറഞ്ഞിരുന്നു.

രാജ്യത്തോട് വിശ്വാസവും വിശ്വസ്തതയുമില്ലാത്തവർക്ക് തങ്ങാനുള്ള ഒരു ‘ധർമ്മശാല’യല്ല ഇന്ത്യയെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ‘രാമനെ വഞ്ചിച്ചവർക്ക് ഭൂമിയിൽ ഒരിടവും ലഭിച്ചിട്ടില്ല’, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജ്ഞാന കേന്ദ്രങ്ങളെ നശിപ്പിക്കാൻ ശ്രമിച്ച താടകയെപ്പോലുള്ള അസുരന്മാർക്കെതിരെ ശ്രീരാമൻ പോരാടിയത് ചൂണ്ടിക്കാണിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. 2009ലും 2011ലും ഒരു ഹൈക്കോടതി ‘ലൗ ജിഹാദ്’ വിഷയത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഇത് മതപരമായ ജനസംഖ്യാ ഘടന മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും യോഗി അവകാശപ്പെട്ടു. ഇതിനെതിരെ 2020ൽ യു.പി സർക്കാർ നിയമം കൊണ്ടുവന്നിട്ടുണ്ടെങ്കിലും കൂടുതൽ പൊതുജനബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ ശക്തമായ ഭാഷയിലാണ് മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് പ്രതികരിച്ചത്.

‘അദ്ദേഹത്തിന് സ്നേഹത്തോട് ഒരു താൽപര്യവുമില്ല, മണ്ണിലാണ് താൽപര്യം. യോഗിയുടെ സ്വന്തം തട്ടകമായ ഗോരഖ്പൂരിലെ റെക്കോർഡുകൾ പരിശോധിച്ചാൽ ആരുടെ പേരിലാണ് ഏറ്റവും കൂടുതൽ സ്വത്ത് രജിസ്ട്രേഷൻ നടന്നിട്ടുള്ളതെന്ന് വ്യക്തമാകും’ - അഖിലേഷ് യാദവ് പറഞ്ഞു.

സനാതന ധർമം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സത്യത്തിന്റെയും പാതയാണ് കാണിച്ചുതരുന്നതെന്നും, എന്നാൽ യു.പി സർക്കാരിന്റെ തലവൻ സത്യത്തിന്റെ പാതയല്ല പിന്തുടരുന്നതെന്നും അഖിലേഷ് കുറ്റപ്പെടുത്തി.

വിവാഹത്തിന്റെ പേരിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്നും മുസ്‍ലിം വിഭാഗങ്ങൾ വ്യാപകമായി ഭൂമി കൈയേറുന്നുവെന്നും ആരോപിച്ച് തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഉയർത്തുന്ന ആരോപണങ്ങളാണ് ‘ലൗ ജിഹാദും’ ‘ലാൻഡ് ജിഹാദും’. എന്നാൽ, ഇന്ത്യൻ നിയമപ്രകാരമോ കേന്ദ്ര ഏജൻസികളുടെ രേഖകളിലോ ‘ലൗ ജിഹാദ്’ എന്നൊരു പദം നിർവ്വചിക്കപ്പെട്ടിട്ടില്ലെന്ന് 2020ൽ ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചിരുന്നു.

ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കൊണ്ടുവന്ന മതപരിവർത്തന നിരോധന നിയമങ്ങളിൽപോലും ഈ പദം ഉപയോഗിച്ചിട്ടില്ല. പകരം ബലംപ്രയോഗിച്ചോ, വഞ്ചിച്ചോ, പ്രലോഭിപ്പിച്ചോ അല്ലെങ്കിൽ വിവാഹത്തിനുവേണ്ടി മാത്രം നടത്തുന്നതോ ആയ മതപരിവർത്തനങ്ങളെയാണ് ഈ നിയമങ്ങൾ കുറ്റകരമാക്കുന്നത്. എന്നാൽ ഈ നിയമങ്ങളെ രാഷ്ട്രീയ ആയുധമാക്കാനാണ് തീവ്ര വലതുപക്ഷ ഭരണകൂടങ്ങൾ ശ്രമിക്കുന്നത്.

Tags:    
News Summary - Akhilesh Yadav Hits Back at Yogi: 'He Knows Nothing About Love, Only Interested in Land'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.