ബി.ജെ.പി ആളുമാറി പരിശോധന​ നടത്തി, ഇത്​ ​ഡിജിറ്റൽ ഇന്ത്യയുടെ തെറ്റാകുമെന്ന്​ പരിഹസിച്ച്​ അഖിലേഷ്​ യാദവ്​

ലഖ്​നോ: ഉത്തർപ്രദേശ്​ കാൺപൂരിലെ നികുതി വകുപ്പിന്‍റെ പരിശോധനയിൽ കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ ബി.ജെ.പിക്കെതിരെ ആരോപണങ്ങളുമായി സമാജ്​വാദി പാർട്ടി നേതാവ്​ അഖിലേഷ്​ യാദവ്​. വ്യവസായിയുടെ വീട്ടിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിടിച്ചെടുത്ത കോടികളുടെ കള്ളപ്പണം ബി.ജെ.പിയുടേതാണെന്ന്​ അഖിലേഷ്​ യാദവ്​ ആരോപിച്ചു. എസ്​.പി നേതാവ്​ പുഷ്പരാജ്​ ജെയിനിന്‍റെ പേരിനോട്​ സാദൃശ്യമുള്ള പീയുഷ്​ ജെയിൻ എന്ന പേരായതിനാൽ 'അബദ്ധ'ത്തിലാണ്​ പരിശോധന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

കള്ളപ്പണം പൂഴ്​ത്തിവെക്കാനുള്ളതിനാൽ എസ്​.പി നോട്ട്​ നിരോധനത്തെ എതിർത്തുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ​പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. 'യോഗിയായ ഒരാൾ കാവിവസ്ത്രം ധരിച്ച്​ കള്ളം പറഞ്ഞാൽ, അയാളെ എങ്ങനെ വിശ്വസിക്കും? കാൺപൂരിൽ പിടിച്ചെടുത്ത കള്ളപ്പണം എസ്​.പിയുടേതാണെന്നാണ്​ മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതിലും വലിയ നുണ മറ്റൊന്നില്ല. കൂടാതെ ആർക്കാണ്​ ഇതിന്‍റെ ഉത്തരവാദിത്തം. ഈ കണ്ടെടുത്ത പണം എവിടെനിന്ന്​ വന്നു? വിമാനത്തിലോ ട്രെയിനിലോ വന്നതാണോ? എല്ലായിടത്തും അവരുടെ സർക്കാറുണ്ട്​. നോട്ട്​ നിരോധനം പരാജയമായിരുന്നുവെന്ന്​ ഇത്​ തെളിയിക്കുന്നു' -അഖിലേഷ്​ മറുപടി നൽകി.

ഡിസംബർ 22ന്​ കാൺപൂരിലെ പെർഫ്യൂം ​വ്യവസായിയായ പീയുഷ്​ ജെയിനിന്‍റെ വീട്ടിൽനിന്ന്​ 200 കോടിയിലധികം രൂപയുടെ കള്ളപ്പണവും സ്വർണവുമെല്ലാം പിടിച്ചെടുത്തത്​ മുതൽ ബി.ജെ.പിയും എസ്​.പിയും പരസ്പരം ആരോപണങ്ങളു​മായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും എസ്​.പിക്കെതിരെ രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിലുടനീളം എസ്​.പി വിതറിയ അഴിമതിയുടെ ഗന്ധം എല്ലായിടത്തും പരക്കുന്നുണ്ടെന്നായിരുന്നു മോദിയുടെ പരാമർശം. ഇതിന്​ മറുപടിയായും അഖിലേഷ്​ യാദവ്​ രംഗത്തെത്തി.

'ഞങ്ങളുടെ നേതാവ്​ പുഷ്പരാജ്​ ജെയിനാണ്​ എസ്​.പിക്കായി പെർഫ്യൂമുകൾ നിർമിച്ചത്​. എസ്​.പിയുമായി ബന്ധപ്പെട്ടവരുടെ വീട്ടിൽനിന്നാണ്​ കള്ളപ്പണം പിടിച്ചെടുത്തതെന്ന്​ ബി.ജെ.പി പരസ്യപ്പെടുത്തി. എന്നാൽ, വൈകിട്ടോടെ മാധ്യമപ്രവർത്തകർക്ക്​ എസ്​.പിയുമായി യാതൊരു ബന്ധവുമില്ലെന്ന്​ മനസിലായി. അവരുടെ പ്രസ്താവനകൾ തിരുത്തി. തെറ്റായ സ്ഥലത്താണ്​ റെയ്​ഡ്​ നടന്നത്​. ബി.ജെ.പിയുടെ സ്വന്തം വ്യവസായിക്കെതിരെ. പീയു​ഷ്​ ജെയിനിന്‍റെ കോൾ റെക്കോഡുകൾ പരിശോധിക്കുകയാണെങ്കിൽ ഒരു ബി.ജെ.പി നേതാവിന്‍റെ പേരെങ്കിലും ലഭിക്കും. അവർ പുഷ്പരാജ്​ ജെയ്​നിന്‍റെ വീട്ടിൽ റെയ്​ഡ്​ നടത്താൻ ആഗ്രഹിച്ചു, എന്നാൽ പീയുഷ്​ ജെയിനിന്‍റെ വീട്ടിൽ പരിശോധന നടത്തി. ഇത്​ ​ഡിജിറ്റൽ ഇന്ത്യയുടെ തെറ്റായി കാണേണ്ടിവരും' -അഖിലേഷ്​ യാദവ്​ മറുപടി നൽകി. 

Tags:    
News Summary - Akhilesh says BJP raided its own mistake of Digital India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.