സിന്ദൂർ ഓപറേഷന് പിന്നാലെ വിമാനത്താവളങ്ങൾ അടച്ചു; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി നടത്തിയ സിന്ദൂർ സൈനിക ഓപറേഷന് പിന്നാലെ മുൻകരുതലിന്റെ ഭാഗമായി 10 വിമാനത്താവളങ്ങൾ അടച്ചു. കശ്മീരും ശ്രീനഗറും കനത്ത സുരക്ഷയിലാണ്. ഈ സ്ഥലങ്ങളിലേക്ക് വിമാനയാത്ര ബുക്ക് ചെയ്തവർ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് വിമാനകമ്പനികൾ അറിയിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു ഇന്ത്യയുടെ സൈനിക തിരിച്ചടി. മേയ് 10 വരെ വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. എയർഇന്ത്യ മൂന്നുദിവസത്തെ വിമാനസർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ലേയിലെ വടക്ക് ഭാഗത്ത് നിന്ന് പടിഞ്ഞാറൻ ഭാഗത്ത് പാക് അതിർത്തിയോട് ചേർന്ന ഗുജറാത്തിലെ ഭുജിലേക്കുള്ള ആഭ്യന്തര വിമാനസർവീസുകൾ റദ്ദാക്കി. ജമ്മുകശ്മീരിലെ അടക്കം 10 വിമാനത്താവളങ്ങളാണ് സുരക്ഷ കണക്കിലെടുത്ത് അടച്ചത്.

ശ്രീനഗർ, ജമ്മു, ധരംശാല, അമൃത്സർ, ലേ, ജോധ്പൂർ, ഭുജ്, ജാംനഗർ, ചണ്ഡിഗഡ്, രാജ്കോട്ട് എന്നീ വിമാനത്താവളങ്ങളാണ് അടച്ചത്. ഈ വിമാനത്താവളങ്ങളിലേക്കുള്ള  എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.

പാക് വ്യോമമേഖലയിൽ നിന്ന് ഇന്നലെ അർധരാത്രിയോടെ വിമാനങ്ങൾ കൂട്ടമായി വഴിതിരിച്ചുവിട്ടിരുന്നു.

എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാനക്കമ്പനികളുടെ വിമാനങ്ങളാണ് വഴിതിരിച്ചുവിട്ടത്. ബുധനാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 1.05നായിരുന്നു ക​രസേനയുടെ ആക്രമണം. പഹൽഗാമിൽ 26പേരുടെ ജീവനെടുത്ത ഭീകരരുടെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യയുടെ നീക്കം. പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങളാണ് കരസേന തകർത്തത്.

നാല് ജയ്​ശെ മുഹമ്മദ്​, മൂന്ന് ലശ്​കറെ ത്വയ്യിബ, രണ്ട് ഹിസ്​ബുൽ മുജാഹിദീൻ കേന്ദ്രങ്ങളാണ് സൈന്യം തകർത്തത്. പാക് സൈനിക കേന്ദ്രങ്ങൾ ആക്രമിച്ചിട്ടില്ലെന്നും കരസേന വ്യക്തമാക്കി. ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. 55 പേർക്ക് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. ആക്രമണമുണ്ടായ വിവരം പാക് പ്രധാനമന്ത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടുതൽ വിശദാംശങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആക്രമണത്തിന് ശേഷം നീതി നടപ്പാക്കിയെന്ന് സൈന്യം എക്സിൽ കുറിച്ചു. കോട്ട്ലി, മുറിദ്കെ, ബഹാവൽപൂർ, ചക് അമ്രു, ഭിംബർ, ഗുൽപൂർ, സിയാൽകോട്ട്, മുസാഫറബാദ്, ഭാഗ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.

പഹൽഗാമിൽ കഴിഞ്ഞമാസം 22ന് വിനോദ സഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിനൽകാൻ സൈന്യത്തിന് സർക്കാർ പൂർണ അധികാരം നൽകിയിരുന്നു. തിരിച്ചടിയുടെ സമയവും സ്ഥലവും സൈന്യത്തിന് തീരുമാനിക്കാമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Airports closed after Operation Sindoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.