ന്യൂഡൽഹി: ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള വിമാനം 30 മണിക്കൂർ വൈകിയ സംഭവത്തിൽ യാത്രക്കാർക്ക് 29,203 രൂപയുടെ വൗച്ചറുമായി എയർ ഇന്ത്യ. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകിയതെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. 16 മണിക്കൂർ മാത്രമാണ് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്കുള്ള യാത്രാസമയം. ഇതിനിടെ വിമാനം 30 മണിക്കൂർ വൈകുകയായിരുന്നു.
വിമാനം വൈകാനിടയായ സാഹചര്യത്തിൽ യാത്രക്കാരോട് ക്ഷമ ചോദിക്കുകയാണ്. സാങ്കേതിക പ്രശ്നങ്ങൾ മൂലമാണ് വിമാനം വൈകിയതെന്ന് എയർ ഇന്ത്യ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അറിയിച്ചു. ഇതിനൊപ്പം 29,203 രൂപയുടെ വൗച്ചർ കൂടി നൽകുകയാണെന്നും എയർ ഇന്ത്യ യാത്രക്കാർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകീട്ട് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച രാത്രി 9.50നാണ് പുറപ്പെട്ടത്. തുടർന്ന് ശനിയാഴ്ച ഉച്ചക്ക് 12.45നാണ് വിമാനം സാൻഫ്രാൻസിസ്കോയിൽ എത്തിയത്. യാത്രക്കാർക്ക് എയർ ഇന്ത്യ നൽകിയ വൗച്ചർ പണമാക്കി മാറ്റാനുള്ള സൗകര്യവുമുണ്ടാകും.
അതേസമയം, വിമാനം വൈകിയതിൽ ഡി.ജി.സി.എ എയർ ഇന്ത്യക്ക് നോട്ടീസയച്ചിരുന്നു. തുടർച്ചയായി വിമാനം വൈകുന്നതിനെ തുടർന്നാണ് എയർ ഇന്ത്യക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. വിമാനം വൈകിയത് അംഗീകരിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജോതിരാദിത്യ സിന്ധ്യയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.