ന്യൂഡൽഹി: സ്പെഷ്യൽ ഇൻറൻസീവ് റിവിഷന്റെ ഭാഗമായി ഡൽഹിയിൽ നടക്കുന്ന വോട്ടർ പട്ടിക പ്രത്യേക തീവ്ര പുനഃപരിശോധനയിൽ ഏറ്റവും കൂടുതൽ വോട്ടുകൾ വെട്ടിക്കളയാൻ സാധ്യതയുള്ള ജില്ലയായി തെക്ക്-കിഴക്കൻ ഡൽഹി മാറിയേക്കുമെന്ന് റിപ്പോർട്ട്. ആഗസ്റ്റ് 24ന് കരട് വോട്ടർ പട്ടിക പുറത്തുവിടുമ്പോൾ ഏകദേശം ഏഴ് ലക്ഷത്തോളം പേരുടെ പേരുകൾ ഒഴിവാക്കപ്പെട്ടേക്കാമെന്നാണ് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നത്.
എണ്ണമെടുപ്പ് ഘട്ടത്തിൽ ഡൽഹിയിൽ ഏറ്റവും കുറഞ്ഞ ഡിജിറ്റൈസേഷൻ നിരക്ക് രേഖപ്പെടുത്തിയത് ഈ ജില്ലയിലാണ്. ഫോണുകൾ അപ്‌ലോഡ് ചെയ്തത് 56.32 ശതമാനം മാത്രമാണ്. കുടിയേറ്റക്കാരും വാടകക്ക് താമസിക്കുന്നവരുമായ വലിയൊരു വിഭാഗം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഒഖ്‌ല പോലുള്ള മുസ്‍ലജ ഭൂരിപക്ഷ മേഖലകളിൽ ഈ കണക്കുകൾ വലിയ ആശങ്കക്ക് ഇടയാക്കിയിട്ടുണ്ട്. വീടുകൾ തോറുമുള്ള പരിശോധനാ വേളയിൽ ഇവർ ഒഴിവാക്കപ്പെടാൻ സാധ്യതയേറെയാണ്.
എങ്കിലും, ഒഴിവാക്കപ്പെടുന്നവരിൽ ഭൂരിഭാഗവും മുസ്‍ലിം വോട്ടർമാരാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഒഴിവാക്കലുകളുടെ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ നടപടിയുടെ സ്വഭാവവും ജില്ലയിലെ വിവിധ പ്രദേശങ്ങളുടെ ജനസംഖ്യാ ഘടനയുമാണ് മുസ്‍ലിം താമസക്കാരുടെ ആശങ്കക്ക് കാരണം.
ഡൽഹി ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫിസിൽനിന്നുള്ള ഡാറ്റ പ്രകാരം, തലസ്ഥാനത്തെ 1.45 കോടി വോട്ടർമാരിൽ 97.47 ലക്ഷം പേരുടെ എണ്ണമെടുപ്പ് ഫോണുകൾ ശേഖരിച്ച് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
ഇത് പ്രകാരം 47.62 ലക്ഷം പേരുകൾ ‘ശേഖരിക്കാൻ കഴിയാത്തവ’ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ബന്ധപ്പെടാൻ കഴിയാത്തവർ, താമസം മാറിയവർ, മരണപ്പെട്ടവർ, ഇരട്ടപ്പട്ടികയിൽ ഉൾപ്പെട്ടവർ അല്ലെങ്കിൽ മറ്റ് കാരണങ്ങളാൽ എത്താൻ കഴിയാത്തവർ എന്നിവരാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്.
ഒഖ്‌ല, സംഗം വിഹാർ, ബർദാപൂർ, ജംഗ്പുര, തുഗ്ഗലാബാദ്, കാൽക്കാജി തുടങ്ങിയ പ്രദേശങ്ങൾ ഈ ജില്ലയുടെ പരിധിയിൽ വരുന്നു. ഇവിടെ താഴ്ന്ന വരുമാനക്കാരായ ജനവാസ കേന്ദ്രങ്ങളും കുടിയേറ്റ തൊഴിലാളികളുടെ വലിയ ജനസംഖ്യയുമുണ്ട്.
തൊഴിലാളികളുടെ നിരന്തരമായ സ്ഥാനമാറ്റം ഈ പ്രക്രിയ പൂർത്തിയാക്കുന്നത് ബുദ്ധിമുട്ടിലാക്കിയതായി ബൂത്ത് ലെവൽ ഓഫിസർമാർ നേരത്തെ ‘ഇന്ത്യൻ എക്സ്പ്രസിനോട്’ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ കുടുംബ വിലാസമോ സ്ഥിര വിലാസമോ നിലനിർത്തുന്ന ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ചില തൊഴിലാളികൾ എസ്.ഐ.ആർ പ്രക്രിയ പൂർത്തിയാക്കിയിട്ടുമുണ്ട്.
ഒഖ്‌ല പോലുള്ള ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലെ മുസ്‍ലിം താമസക്കാരെ സംബന്ധിച്ചിടത്തോളം പേരുകൾ വിട്ടുപോകാനുള്ള സാധ്യത വലിയൊരു ആശങ്കയായി മാറിയിട്ടുണ്ട്. വാടക വീടുകളിൽ കഴിയുന്നവരും ഡൽഹിക്ക് പുറത്തുള്ള തങ്ങളുടെ ജന്മനാടുകളുമായി ബന്ധം നിലനിർത്തുന്നവരുമാണ് ഇവിടങ്ങളിൽ ഏറെയും. അതുകൊണ്ടുതന്നെ ഈ പ്രശ്നം മതം സംബന്ധമായ ഒന്നല്ല, മറിച്ച് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം, രേഖകൾ, വാടക ഭവനങ്ങൾ, ബി.എൽ.ഒമാർ വിലാസത്തിൽ എത്തുമ്പോൾ താമസക്കാരുടെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ടുകൂടിയാണ്.
ന്യൂഡൽഹി ജില്ലയിൽ ഡിജിറ്റൈസേഷൻ നിരക്ക് 60.76 ശതമാനം ആണ്. ഇവിടെയും വോട്ടർ പട്ടികയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഡ്രാഫ്റ്റ് ഘട്ടത്തിൽ ഏകദേശം 60,000 പേരുകൾ ഒഴിവാക്കപ്പെട്ടേക്കാം.
ലൂയിറ്റിയൻസ് പ്രദേശം, ഡൽഹി കന്റോൺമെന്റ് എന്നിവ ഉൾപ്പെടുന്ന ഈ ജില്ലയിൽ സർക്കാർ ജീവനക്കാരും സായുധ സേനാംഗങ്ങളുമാണ് കൂടുതലുള്ളത്. സ്ഥലംമാറ്റങ്ങൾ കാരണം ഇവർ മാറിക്കൊണ്ടിരിക്കാൻ സാധ്യതയേറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.