ചെന്നൈ: തമിഴ്നാട്ടിൽ സി.പി.എമ്മുകാരുടെയും സി.പി.ഐക്കാരുടെയും വിവരം ശേഖരിക്കാൻ വിചിത്ര ഉത്തരവുമായി തഹസിൽദാർ. ദിണ്ടിഗൽ ജില്ലയിലെ കുജിലിയമ്പാറ തഹസിൽദാരാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
കുജിലിയമ്പാറ താലൂക്കിനു കീഴിലുള്ള എല്ലാ ഗ്രാമങ്ങളിലെയും സി.പി.ഐ, സി.പി.എം പാർട്ടികളിലെ അംഗങ്ങളുടെ പേരും വിലാസവും അടിയന്തരമായി ശേഖരിച്ച് സമർപ്പിക്കാനായിരുന്നു തഹസിൽദാർ അയ്യാസാമി ഉത്തരവിട്ടത്. ദിണ്ടിഗൽ എം.പി ആർ. സച്ചിദാനന്ദൻ ഉൾപ്പെടെയുള്ള നിരവധി പേർ തഹസിൽദാരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. ‘ദിണ്ടിഗൽ ജില്ലയിലെ കുജിലിയമ്പാറ താലൂക്കിന് കീഴിലുള്ള എല്ലാ റവന്യൂ ഗ്രാമങ്ങളിലും താമസിക്കുന്ന സി.പി.ഐ, സി.പി.എം അംഗങ്ങളുടെ പേരും വിലാസവും ശേഖരിക്കണം. റവന്യൂ ഇൻസ്പെക്ടർമാർ 18ന് വൈകീട്ട് വിവരങ്ങൾ നേരിട്ട് തഹസിൽദാർക്ക് സമർപ്പിക്കണം. ഇതിനായി എല്ലാ വില്ലേജ് അസിസ്റ്റന്റുമാരും റവന്യൂ ഇൻസ്പെക്ടർമാരെ സഹായിക്കണം. റിപ്പോർട്ട് സമർപ്പിക്കാത്ത വില്ലേജ് അസിസ്റ്റന്റുമാർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കും’ -തഹസിൽദാരുടെ ഉത്തരവിൽ പറയുന്നു.
ഉത്തരവ് വിവാദമായതോടെ തഹസിൽദാരെ സ്ഥലംമാറ്റി. രണ്ട് ദേശീയ രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ തേടി എന്ത് അധികാരത്തിലാണ് തഹസിൽദാർ സർക്കുലർ പുറപ്പെടുവിച്ചതെന്ന് നേതാക്കൾ ചോദിക്കുന്നു. പഴയ ബ്രിട്ടിഷ് കാലത്തെ ഫിംഗർപ്രിന്റ് ആക്ട് നിലവിലിരുന്നപ്പോഴോ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് നിരോധനമുണ്ടായിരുന്ന കാലത്തോ പോലും ഒരു തഹസിൽദാർമാരും ഇത്തരമൊരു ജനാധിപത്യവിരുദ്ധമായ സർക്കുലർ ഇറക്കിയിട്ടില്ലെന്ന് സച്ചിദാനന്ദൻ കുറ്റപ്പെടുത്തി.
മണൽ കടത്തുകാർ, കൈയേറ്റക്കാർ, കുറ്റവാളികൾ എന്നിവരുടെ പട്ടിക തയാറാക്കാൻ തഹസിൽദാർ ഇതുപോലെ സർക്കുലറുകൾ പുറത്തിറക്കിയിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ആഴ്ചയിൽ നാല് ദിവസം ഉച്ചക്ക് 12 മണിക്കും ഒരു മണിക്കും ഇടയിലുള്ള ഒരു മണിക്കൂർ മാത്രമായി സന്ദർശകരുടെ പ്രവേശനം പരിമിതപ്പെടുത്തിയും നിവേദനം നൽകാൻ എത്തുന്നവർ മൊബൈൽ ഫോണുകൾ കൈവശം വെക്കുന്നത് നിരോധിച്ചും തഹസിൽദാർ സാധാരണക്കാരായ പൊതുജനങ്ങളെ ഭയപ്പെടുത്തുകയാണെന്നും എം.പി ആരോപിച്ചു.
തഹസിൽദാറുടെ നടപടി നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആർ. തിരുമൂർത്തി വിശേഷിപ്പിച്ചു. ഇത് നിയമവിരുദ്ധമാണ്. പൊലീസ് അന്വേഷിക്കുന്ന പ്രതിയോ പൊതുസമാധാനത്തിന് ഭീഷണി ഉയർത്തുന്ന ആളോ ആണെങ്കിൽ, പൊലീസിന്റെ ആവശ്യപ്രകാരം തഹസിൽദാറിന് വിവരങ്ങൾ ശേഖരിക്കാൻ ഉത്തരവിടാം. എങ്കിൽ പോലും, അത് നിയമങ്ങൾക്കനുസൃതമായും വിവിധ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടുമായിരിക്കണം. എന്നാൽ ഒരു തഹസിൽദാറിന് ഇത്തരത്തിൽ സർക്കുലർ ഇറക്കി രാഷ്ട്രീയ പാർട്ടിയിലെ അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കാൻ അധികാരമില്ല. പാർട്ടിക്ക് ഈ സർക്കുലറിനെതിരെ കോടതിയെ സമീപിക്കുകയും അത് റദ്ദാക്കാൻ ആവശ്യപ്പെടുകയും ചെയ്യാമെന്നും അഭിഭാഷകൻ പറഞ്ഞു.
ഉത്തരവിന്‍റെ ഔദ്യോഗിക പകർപ്പ് സമൂഹമാധ്യമങ്ങളിൽ എം.പി പങ്കുവെച്ചു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്, റവന്യു മന്ത്രി കെ.എ. സെങ്കോട്ടയ്യൻ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലെയാണ് നടപടി. വിരമിക്കാൻ ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അയ്യാസാമിയെ സ്ഥലംമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.