ന്യൂഡൽഹി: പഞ്ചാബിലെ സർക്കാർ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നില്ലെന്ന പരാതിയിൽ ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അംഗം പ്രിയങ്ക് കനൂംഗോയുടെ ബെഞ്ചാണ് പരാതി പരിഗണിച്ച് പഞ്ചാബ് സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടിയത്. ഗ്രാമീണ, വിദൂര, അതിർത്തി മേഖലകളിലെ സർക്കാർ സ്കൂളുകളിലാണ് പ്രധാനമായും പരാതിയുയർന്നിരിക്കുന്നത്. ഈ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നില്ലെങ്കിൽ അവിടെയുള്ള വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാനുള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കാമെന്നാണ് പരാതിയിൽ പറയുന്നത്.
ആഗസ്റ്റ് 15ന് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷം എങ്ങനെയാണ് നടന്നതെന്നതിന്റെ വിശദാംശങ്ങൾ നൽകാനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. സംസ്ഥാനതലം, ജില്ലാതലം, സ്കൂൾതലം എന്നിങ്ങനെ വിവരങ്ങൾ നൽകണമെന്നും ദേശീയപതാക ഉയർത്തിയ സ്കൂളുകളുടെ എണ്ണവും ദേശീയഗാനം ആലപിച്ച സ്കൂളുകളുടെ എണ്ണവും സ്വാതന്ത്ര്യദിനാഘോഷത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്ത സ്കൂളുകളുടെ എണ്ണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും കമ്മീഷൻ പറഞ്ഞു.
നിർദേശിച്ച പരിപാടികൾ നടത്താത്ത സ്കൂളുകളെ കണ്ടെത്തി അതിനുള്ള കാരണങ്ങൾ വ്യക്തമാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ച് ഗ്രാമീണ, വിദൂര, അതിർത്തി മേഖലകളിലെ സ്കൂളുകളിൽ ഇക്കാര്യം പരിശോധിക്കണമെന്നും ഈ പ്രദേശങ്ങളിലെ കുട്ടികൾക്ക് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ കുട്ടികൾക്ക് ലഭിച്ച അവസരങ്ങൾക്ക് സമാനമായ അവസരങ്ങൾ ലഭിച്ചിരുന്നോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കണം.
സ്വാതന്ത്ര്യദിനാഘോഷം പോലുള്ള ദേശീയ ദിനാചരണങ്ങൾ കുട്ടികൾക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യസമരം, ഭരണഘടന, ദേശീയ ചിഹ്നങ്ങൾ, പൗരധർമ്മങ്ങൾ, ദേശീയ ഐക്യം, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കാനുള്ള പ്രധാന അവസരമാണെന്ന് മനുഷ്യാവകാശ കമ്മീഷൻ ബെഞ്ച് നിരീക്ഷിച്ചു.
നാല് ആഴ്ചക്കകം നടപടി സ്വീകരിച്ചതിന്റെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചാബ് ചീഫ് സെക്രട്ടറിയോട് ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തോടും ബന്ധപ്പെട്ട വിവരങ്ങൾ തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.