സിദ്ധാർത്ഥ്‌നഗർ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥ്‌നഗർ ജില്ലയിൽ 59 വർഷത്തിലേറെ പഴക്കമുള്ള മദ്രസയുടെ ഒരു ഭാഗം സർക്കാർ ഭൂമി കൈയേറി നിർമ്മിച്ചതാണെന്ന് ചൂണ്ടിക്കാട്ടി അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കി. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച പൊളിച്ചുനീക്കൽ നടപടിയെ എതിർക്കാനെത്തിയ സമാജ്‌വാദി പാർട്ടി പ്രവർത്തകരും പോലീസും തമ്മിൽ നേരിയ സംഘർഷമുണ്ടായി.
സിദ്ധാർത്ഥ്‌നഗർ ജില്ലയിലെ പിപ്ര രാംലാൽ ഗ്രാമത്തിലുള്ള 'അറേബ്യ സിയാ-ഉൽ-ഉലൂം' എന്ന മദ്രസയ്‌ക്കെതിരെയാണ് ഭരണകൂടം നടപടി സ്വീകരിച്ചത്. ചൊവ്വാഴ്ച രാവിലെ 7 മണിയോടെ അഞ്ച് പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള നൂറോളം പോലീസ് ഉദ്യോഗസ്ഥരുടെയും ആറ് ബുൾഡോസറുകളുടെയും അകമ്പടിയോടെയാണ് ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തിയത്. ഡൊമരിയാഗഞ്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിവേകാനന്ദ് മിശ്ര, സി.ഒ ബ്രിജേഷ് വർമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
മദ്രസ സ്ഥിതി ചെയ്യുന്ന 14,000 ചതുരശ്ര അടി സ്ഥലത്തിൽ 9,000 ചതുരശ്ര അടി സർക്കാർ രേഖകളിൽ കളിസ്ഥലമായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയാണെന്നും അത് കൈയേറിയാണ് നിർമാണം നടത്തിയതെന്നും അധികൃതർ അറിയിച്ചു. ഏകദേശം രണ്ട് മണിക്കൂറിനുള്ളിൽ മദ്രസയിലെ ഏഴ് മുറികളും ഒരു കടയും പ്രധാന ഹാളിന്റെ പകുതിയോളവും ഇടിച്ചുനിരത്തി.
1938-ൽ ഗ്രാമത്തിൽ സ്ഥാപിതമായ ഈ മദ്രസ 1967-ലാണ് ബൻസി-ഡൊമരിയാഗഞ്ച് റോഡിലെ ഇപ്പോഴത്തെ സ്ഥലത്തേക്ക് മാറ്റിയത്. സ്വകാര്യ ഭൂമിയിൽ ആരംഭിച്ച സ്ഥാപനം പിന്നീട് തൊട്ടടുത്തുള്ള സർക്കാർ ഭൂമിയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നുവെന്നാണ് ഭരണകൂടത്തിന്റെ വാദം. ഏകദേശം 400 വിദ്യാർഥികൾ ഇവിടെ പഠിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. 2022-ൽ ചിലർ തഹസിൽദാർ കോടതിയെ സമീപിച്ചതിനെത്തുടർന്ന് 2023-ൽ ഒഴിപ്പിക്കൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മദ്രസ അധികൃതർ ഇതിനെതിരെ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഹരജി തള്ളിയതിനെത്തുടർന്നാണ് ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്നത്.
പൊളിച്ചുനീക്കൽ വാർത്തയറിഞ്ഞ് ഡൊമരിയാഗഞ്ച് എം.എൽ.എ സയിദ ഖാത്തൂൺ, എസ്.പി ജില്ലാ പ്രസിഡന്റ് ലാൽജി യാദവ് എന്നിവരുടെ നേതൃത്വത്തിൽ അമ്പതിലധികം പാർട്ടി പ്രവർത്തകർ സംഭവസ്ഥലത്തെത്തി നടപടി തടയാൻ ശ്രമിച്ചു. ബാരിക്കേഡുകൾ സ്ഥാപിച്ച് ഇവരെ പോലീസ് തടഞ്ഞതോടെ പ്രദേശത്ത് ഉന്തും തള്ളുമുണ്ടായി. നിയമപരമായ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് എം.എൽ.എ സയിദ ഖാത്തൂൺ പ്രവർത്തകരോട് സമാധാനം പാലിക്കാൻ അഭ്യർത്ഥിച്ചതോടെയാണ് സംഘർഷാവസ്ഥ ശാന്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.