കൂട്ട അവധിയെടുത്ത 25 ജീവനക്കാരെ പിരിച്ചുവിട്ട് എയർ ഇന്ത്യ; സമരം ചെയ്തവർക്ക് നോട്ടീസ്

ന്യൂഡൽഹി: കൂട്ടത്തോടെ അസുഖാവധിയെടുത്ത് മിന്നൽ സമരം നടത്തിയ ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് നൽകി എയർ ഇന്ത്യ എക്സ്പ്രസ്. 25 സീനിയർ ക്രൂ മെമ്പർമാരെ പിരിച്ചുവിട്ടതായി ദേശീയമാധ്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൂട്ടത്തോടെ അവധിയെടുത്ത് സർവിസ് മുടക്കുന്നത് നിയമലംഘനം മാത്രമല്ല, എയർ ഇന്ത്യ എക്സ്പ്രസിന്‍റെ സർവിസ് ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ കൂട്ടമായി അവധിയെടുത്ത് നടത്തിയ സമരത്തെ തുടർന്ന് ഇന്നലെ മാത്രം 80ഓളം വിമാനസർവിസുകളാണ് മുടങ്ങിയത്. മാ​നേ​ജ്മെ​ന്റി​നോ​ടു​ള്ള പ്ര​തി​ഷേ​ധ​ത്തെ​തു​ട​ർ​ന്നാണ് 200ലേ​റെ ജീ​വ​ന​ക്കാ​ർ കൂ​ട്ട​മാ​യി രോ​ഗാ​വ​ധി​യെ​ടു​ത്ത​ത് ചൊവ്വാഴ്ച രാത്രി മുതൽ സമരത്തിന്‍റെ ഭാഗമായത്.

സമരത്തിനിറങ്ങിയ സീനിയിൽ ക്രൂ അംഗങ്ങൾക്ക് ഇ-മെയിൽ വഴിയാണ് എയർ ഇന്ത്യ എക്സ്പ്രസ് നോട്ടീസ് അയച്ചത്. നീതീകരിക്കാവുന്ന ഒരു കാരണവുമില്ലാതെ ജീവനക്കാർ ആസൂത്രിതമായി കൂട്ട അവധിയെടുത്തെന്ന് നോട്ടീസിൽ പറയുന്നു. സർവിസ് ഷെഡ്യൂൾ ചെയ്ത് അവസാന നിമിഷത്തിലാണ് ജീവനക്കാർ അസുഖമാണെന്നും ഡ്യൂട്ടിക്ക് ഹാജരാകാനാവില്ലെന്നും അറിയിച്ചത്. നിരവധി സർവിസുകൾ റദ്ദാക്കേണ്ടിവന്നു. ഇത് മറ്റ് സർവിസുകളെയും ബാധിച്ചു. യാത്രക്കാർക്ക് വലിയ തോതിലുള്ള അസൗകര്യങ്ങൾ സൃഷ്ടിച്ചു. സർവിസുകൾ മുടക്കുക ലക്ഷ്യമിട്ട് കരുതിക്കൂട്ടിയുള്ള അവധിയെടുക്കലാണ് നടന്നത് -നോട്ടീസിൽ പറയുന്നു.

നോട്ടീസ് ലഭിച്ചവരെ ഇനി എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരായി പരിഗണിക്കില്ലെന്നും ഔദ്യോഗിക ഇ-മെയിൽ, സെർവർ തുടങ്ങിയവ കൈകാര്യം ചെയ്യാൻ അനുമതിയുണ്ടാകില്ലെന്നും അറിയിച്ചു. തൊഴിലാളികൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും നോട്ടീസിൽ പറയുന്നു.

ജീവനക്കാരുടെ സമരം കാരണം മേയ് 13 വരെ സർവിസുകൾ വെട്ടിക്കുറക്കേണ്ടിവരുമെന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ അലോക് സിങ് അറിയിച്ചത്. സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം റിപ്പോർട്ട് തേടിയിട്ടുണ്ട്.

അതേസമയം, എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ഇന്നും സമരം തുടരുന്നുണ്ട്. ഇന്നലെ നടത്തിയ അപ്രതീക്ഷിത സമരത്തിൽ രാജ്യത്താകെ 80ലേറെ വിമാനസർവിസുകളാണ് മുടങ്ങിയത്. യാത്ര മുടങ്ങിയതോടെ പലയിടത്തും കനത്ത പ്രതിഷേധമുയർന്നിരിക്കുകയാണ്. ഇന്നലെ നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കിയിരുന്നു. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ റ​ദ്ദാ​ക്കി​യ​ത് അ​വ​ധി ക​ഴി​ഞ്ഞ് തി​രി​ച്ചു​പോ​കു​ന്ന​വ​ർ​ക്ക് തി​രി​ച്ച​ടി​യാ​യി. പ​ല വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും യാ​ത്ര​ക്കാ​രും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ധി​കൃ​ത​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളും അ​ര​ങ്ങേ​റി. സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​ണ് വി​മാ​നം റ​ദ്ദാ​ക്കി​യ​വി​വ​രം പ​ല​യി​ട​ത്തും യാ​ത്ര​ക്കാ​രെ അ​റി​യി​ച്ച​ത്.

Tags:    
News Summary - Air India Express sacks 30 crew who went on mass sick leave

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.