ജീവനക്കാരുടെ ‘അസുഖ അവധി’; എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി, ക്ഷമ ചോദിച്ച് അധികൃതർ, യാത്രക്കാർ പ്രതിഷേധത്തിൽ

കോഴിക്കോട്: ജീവനക്കാരുടെ പ്രതിഷേധത്തെ തുടർന്ന് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. കേരളത്തിൽ നിന്നുള്ള എല്ലാ വിമാനത്താവളങ്ങളിൽ നിന്നും നിരവധി സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് റദ്ദ് ചെയ്തത്. ​ഇതിനുപുറമെ, ഗൾഫ് മേഖലകളിൽ നിന്നും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിൽ നിന്നും സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

ജീവനക്കാർ കൂട്ടമായി അവസാന സമയത്ത അസുഖ അവധി എടുത്തതിനാലാണ് സർവീസുകൾ റദ്ദ് ചെയ്യേണ്ടി വന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇവർ കൂട്ട അവധി എടുക്കുകയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തതോടെ സർവീസുകൾ പ്രതിസന്ധിയിലാവുകയായിരുന്നു. എയർലൈനിലെ തൊഴിൽ സംബന്ധമായ വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് ജീവനക്കാരുടെ നടപടിയെന്നാണ് അനൗദ്യോഗികമായി പറയുന്നത്.

പുതിയ സാഹചര്യത്തിൽ, യാത്രക്കാര്‍ റീഫണ്ടിങ്ങിനും ബുക്കിങ്ങിനുമുള്ള അവസരം നല്‍കിയതായും യാത്രക്കാർക്കുണ്ടായ പ്രയാസത്തിൽ ഖേദിക്കുന്നതായും എയർ ഇന്ത്യ അറിയിച്ചു. ഇന്ന് യാ​ത്രചെയ്യേണ്ടവർ വിമാനം സർവീസ് നടത്തുന്നുണ്ടോയെന്ന് അ​ന്വേഷിക്കണമെന്നും എയർ ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യത്താകെ ചൊവ്വാഴ്ച രാത്രി മുതൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ 70-ലേറെ സർവീസുകൾ റദ്ദാക്കിയതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ രാവിലെ എട്ടിന് ശേഷമുള്ള ആറ് സര്‍വീസുകള്‍ റദ്ദാക്കി. റാസല്‍ഖൈമ, ദുബൈ, ജിദ്ദ, ദോഹ, ബഹ്്റൈയ്ൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കണ്ണൂര്‍, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളില്‍ നിന്നും സര്‍വീസുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു.

അബുദാബി, ഷാര്‍ജ, മസ്‌കറ്റ് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് കണ്ണൂരിൽ നിന്നും റദ്ദ് ചെയ്തത്. സമാനമായ രീതിയിൽ തിരുവനന്തപുരത്തുനിന്ന്‌ ചെന്നൈയിലേക്കു ചൊവ്വാഴ്ച രാത്രി 11-ന്‌ യാത്രതിരിക്കേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്‌പ്രസും റദ്ദാക്കി. വിമാനങ്ങൾ റദ്ദാക്കിയതോടെ നൂറിലധികം യാത്രക്കാരാണ് വിവിധ വിമാനത്താവളത്തില്‍ കുടുങ്ങിയത്. പകരം സംവിധാനം ഒരുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ലഭ്യമല്ലാതെ വന്നതോടെ ഇവർ പ്രതിേഷധിച്ചു.

Tags:    
News Summary - Air India Express cancels flights due to cabin crew shortage: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.