പ്രാണ പ്രതിഷ്ഠ: ഒ.പി വിഭാഗമടക്കം അടച്ചിടാനുള്ള തീരുമാനം എയിംസ് പിൻവലിച്ചു

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22ന് ഉച്ചക്ക് 2.30 വരെ ഒ.പി വിഭാഗമടക്കം അടച്ചിടാനുള്ള വിവാദ തീരുമാനം എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് )പിൻവലിച്ചു. ഇതിനെതിരെ വ്യാപക പ്രതിഷേധമുയർന്ന പശ്ചാത്തലത്തിലാണിത്. ഒ.പി വിഭാഗങ്ങൾ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തുവന്നിരുന്നു. അവധി നൽകിയ തീരുമാനത്തെ രാജ്യസഭ എം.പിയും പ്രമുഖ അഭിഭാഷകനുമായ കപിൽ സിബൽ അടക്കം രൂക്ഷമായി വിമർശിക്കുകയുണ്ടായി.

സാമൂഹിക മാധ്യമങ്ങളിലും പ്രതിഷേധമുയർന്നു. ഹെൽത്ത് കെയർ ഫെസിലിറ്റിയിൽ സേവനം ലഭിക്കാൻ രോഗികൾ ആഴ്ചകളും ചിലപ്പോൾ മാസങ്ങളും കാത്തിരിക്കേണ്ടി വരുമെന്ന് പലരും ചൂണ്ടിക്കാട്ടി. ഡൽഹിക്ക് പുറത്തുനിന്നും വരുന്നവർക്ക് കനത്ത തിരിച്ചടിയാകും തീരുമാനമെന്നും വിമർശനമുയർന്നു. തുടർന്ന് പ്രധാന ഹെൽത്ത് കെയർ ഫെസിലിറ്റി നോൺ-ക്രിട്ടിക്കൽ സർവീസുകളിലെ ജീവനക്കാർക്ക് അർധ ദിവസത്തെ ഇടവേള പ്രഖ്യാപിച്ചത് എയിംസ് പിൻവലിക്കുകയായിരുന്നു.

രോഗികൾക്ക് അടിയന്തര ആശ്വാസമെത്തിക്കുന്ന ക്രിട്ടിക്കൽ കെയർ ക്ലിനിക്കുകളെല്ലാം സാധാരണ പോലെ പ്രവർത്തിക്കുമെന്ന് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. നേരത്തേ പുറത്തിറക്കിയ കുറിപ്പിൽ ഒ.പി വിഭാഗങ്ങളുടെ സേവനം തടസ്സപ്പെടുമെന്ന് പ്രത്യേകം അറിയിച്ചിരുന്നില്ല. എന്നാൽ സേവനം തടസ്സപ്പെടുമെന്ന് പരക്കെ ആശങ്കയുയരുകയായിരുന്നു.

 അതിനിടെ, പുതുച്ചേരിയിലെ ജിപ്മർ ആശുപത്രിയിലെ അവധിയിൽ മാറ്റമില്ലെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി വന്നെങ്കിലും, രോഗികൾക്ക് ബുദ്ധിമുട്ടു വരാതെ നോക്കുമെന്ന ആശുപത്രി അധികൃതരുടെ ഉറപ്പ് ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.ഭുവനേശ്വർ എയിംസും പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് തിങ്കളാഴ്ച ഉച്ചവരെ അവധി പ്രഖ്യാപിച്ചിരുന്നു.

ദേശീയ തലസ്ഥാനത്തെ മറ്റൊരു പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രമായ സഫ്ദർജങ് ആശുപത്രിയിലെ ഒ.പി രജിസ്ട്രേഷൻ രാവിലെ 8 നും 10 നും ഇടയിൽ നടക്കുമെന്നും രജിസ്റ്റർ ചെയ്ത എല്ലാ രോഗികളെയും പരിശോധിക്കുമെന്നും അധികൃതർ അറിയിച്ചു. ആശുപത്രിയിൽ ഉച്ചവരെ ഫാർമസി സേവനങ്ങൾ പ്രവർത്തിക്കുമെങ്കിലും ചില ശസ്ത്രക്രിയകൾ നടക്കില്ല.

Tags:    
News Summary - AIIMS Reverses Half-Day Closure Call For Ram Temple Event Amid Public Outcry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.