ബി.ജെ.പി എം.എൽ.എയുടെ മകൻ പുരോഹിതനെ ആക്രമിച്ച് ക്ഷേത്രത്തിൽ തള്ളിക്കയറിയെന്ന്
ഭോപാൽ: മധ്യപ്രദേശിലെ ദേവാസിൽ മാതാ തെക്രി ക്ഷേത്രം അടച്ച ശേഷം ബി.ജെ.പി എം.എൽ.എ ഗോലു ശുക്ലയുടെ മകനും സംഘവും പുരോഹിതനെ ആക്രമിച്ച് തള്ളിക്കയറിയെന്ന് പരാതി. ഭരണകക്ഷി എം.എൽ.എയുടെ മകനെതിരെ കോൺഗ്രസ് ആണ് രംഗത്തെത്തിയത്. ആരോപണം നിഷേധിച്ച ബി.ജെ.പി ആരോപണവിധേയർക്കെതിരെ നടപടിയെടുത്തതായി പ്രതികരിച്ചു.
വെള്ളിയാഴ്ച രാത്രി വാഹനങ്ങളിൽ എത്തിയ സംഘം ക്ഷേത്രം അടച്ചെന്നറിഞ്ഞതോടെ അകത്തുകയറാൻ ശ്രമം നടത്തിയെങ്കിലും പുരോഹിതൻ അനുവദിച്ചില്ല. ഇതോടെ ആക്രമണം അഴിച്ചുവിട്ടശേഷം ദർശനം നടത്തുകയായിരുന്നു. .
സ്ഫോടക വസ്തുക്കളുമായി രണ്ട് തീവ്രവാദികൾ അറസ്റ്റിൽ
ചണ്ഡിഗഢ്: സ്ഫോടക വസ്തുക്കളുമായി രണ്ട് തീവ്രവാദ സംഘാംഗങ്ങളെ പഞ്ചാബ് പൊലീസ് അറസ്റ്റ് ചെയ്തു. ജഗ്ഗ സിങ്, മഞ്ജീന്ദർ സിങ് എന്നിവരാണ് പിടിയിലായതെന്ന് ഡി.ജി.പി ഗൗരവ് യാദവ് പറഞ്ഞു. ഇവരിൽനിന്ന് 1.6 കിലോ ആർ.ഡി.എക്സ് അടങ്ങുന്ന 2.8 കിലോ സ്ഫോടക വസ്തുക്കളാണ് കണ്ടെടുത്തത്. ഇവർ ജർമനി ആസ്ഥാനമാക്കിയ ഗോൾഡി ധില്ലൻ എന്ന ഗുർപ്രീത് സിങ്ങിന്റെ സംഘത്തിൽ പെട്ടവരാണ്. ഗോൾഡി ബ്രാർ-ലോറൻസ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളയാളാണ് ഗുർപ്രീത് സിങ്. .
‘ഡൽഹി ഭരിക്കുന്നത് മുഖ്യമന്ത്രിയുടെ ഭർത്താവ്’
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ഭർത്താവാണ് സർക്കാറിനെ നിയന്ത്രിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷനേതാവ് അതിഷി മർലേന. രേഖാ ഗുപ്തയുടെ ഭർത്താവ് മനീഷ് ഗുപ്ത വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചുകൊണ്ടായിരുന്നു അതിഷിയുടെ ആരോപണം. ഭർത്താവ് ഭരണകാര്യങ്ങൾ ഇത്തരത്തിൽ നിയന്ത്രിക്കേണ്ടിവരുന്നത് രാജ്യചരിത്രത്തിൽ ആദ്യമായിരിക്കുമെന്നും അതിഷി സമൂഹമാധ്യമത്തിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.