ഇത്തരമൊരു അവധി തമിഴ്നാടിന്‍റെ ചരിത്രത്തിൽ കണ്ടിട്ടുണ്ടോ?; ജനനായകന്‍റെ റിലീസിന് അപ്രഖ‍്യാപിത അവധി നൽകിയതിൽ വിമർശനവുമായി ആർ.ബി ഉദയകുമാർ

ചെന്നൈ: തമിഴ്നാട് മുഖ‍്യമന്ത്രി ജോസഫ് വിജയിയുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമായ ജനനായകന്‍റെ റിലീസ് ദിവസത്തിൽ സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയതിൽ രൂക്ഷവിമർശനവുമായി മുതിർന്ന എ.ഐ.ഡി.എം.കെ നേതാവ് ആർ.ബി ഉദയകുമാർ. മുഖ്യമന്ത്രി മുതൽ മുഴുവൻ മന്ത്രിമാർക്കും സംസ്ഥാനത്തിനും ഒരു അപ്രഖ്യാപിത സർക്കാർ അവധി പ്രഖ്യാപിച്ചത് തമിഴ്‌നാടിന്‍റെ ചരിത്രത്തിൽ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. മുഖ‍്യമന്ത്രിയെ അനുഗമിച്ച് മന്ത്രിമാരും എം.എൽ.എമാരുമടങ്ങുന്ന ഭരണകക്ഷികൾ റിലീസ് ദിവസം തിയറ്ററിലെത്തി സെൽഫികളും മറ്റും സമൂഹമാധ‍്യമത്തിൽ പങ്കുവെച്ചുവെന്നും അദ്ദേഹം അറിയിച്ചു. ആഴ്ചയിൽ ഒരിക്കൽ നടത്തേണ്ട പ്രധാന ചുമതലകൾ അന്നേ ദിവസം മുഖ്യമന്ത്രി വിജയ് മാറ്റിവെച്ചു.

ഭരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം സർക്കാറിന്‍റെ ഇന്നലത്തെ പ്രധാന കടമ സിനിമ ആസ്വദിക്കുക എന്നതായിരുന്നു. റിലീസ് ഒരു ഉത്സവം പോലെ ആഘോഷിക്കാനുള്ള മന്ത്രിയുടെ നിർദ്ദേശത്തെ പരിഹസിച്ചുകൊണ്ട് ഉദയകുമാർ പറഞ്ഞു. ആരാധകരുടെ ആഘോഷങ്ങൾ സംസ്ഥാനത്തുടനീളം കുഴപ്പങ്ങൾ സൃഷ്ടിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

കാവേരി ഡെൽറ്റ ജലസേചനത്തിനായി വെള്ളം വിട്ടുകൊടുക്കാൻ സംസ്ഥാനത്തിന് കഴിയാത്തതിനാലോ, വെള്ളം നൽകാൻ കർണാടക വിസമ്മതിച്ചതിനാലോ, മേക്കാദാട്ടു അണക്കെട്ട് നിർമാണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിനാണോ ആ കണ്ണുനീർ ഒഴുക്കുന്നതെന്ന് സിനിമ കാണുന്നതിനിടെ തിയറ്ററിനുള്ളിൽ ഇരുന്ന് കരഞ്ഞ മന്ത്രിമാരോട് അദ്ദേഹം ചോദിച്ചു. അതേ സമയം പഞ്ച് ഡയലോഗുകളും മിഥ്യാധാരണകളും യുവാക്കൾ വഴിതെറ്റുന്നുണ്ടന്നും അദ്ദേഹം അറിയിച്ചു. കാലം വിധി നിർമയിക്കുമ്പോൾ മുഖ‍്യമന്ത്രിയുടെ സിനിമാറ്റിക് ഇമേജ് തകർന്ന് യുവാക്കൾ യാഥാർഥ്യത്തെ തിരിച്ചറിയുമെന്നും ഉദയകുമാർ കൂട്ടി ചേർത്തു. 

Tags:    
News Summary - "Has such a holiday ever been seen in Tamil Nadu's history?; AIADMK leader R.B. Udhayakumar criticizes the unofficial holiday granted for 'Jananayakan's release"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.