അഹ്മദാബാദ് സർദാർ വല്ലഭായി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നിന്ന് പറന്നുയർന്ന ഉടൻ എയർ ഇന്ത്യ വിമാനം അപകടത്തിൽ പെട്ട വാർത്ത കേട്ട നിമിഷം മുതൽ ശോഭ സോനാഗരേക്ക് കരച്ചിൽ അടക്കാനായില്ല. കാരണം ശോഭയുടെ 26 വയസുള്ള മകൾ റോഷ്നി സോനാഗരെ ആ വിമാനത്തിലെ ക്യാബിൻ ക്രൂ അംഗമായിരുന്നു. കരഞ്ഞുതളർന്ന് അവശയായ ശോഭയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ വെറുതെയാണെങ്കിലും ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോൾ റോഷ്നിയുടെ പിതാവ് രാജേന്ദ്രയും മൂത്ത സഹോദരൻ വിഘ്നേഷും അഹ്മദാബാദിലേക്ക് കുതിച്ചു.
ഡോംബിവ്‌ലി ഈസ്റ്റിലാണ് റോഷ്നിയുടെ കുടുംബം താമസിക്കുന്നത്. സ്വകാര്യ മേഖലയിൽ നിന്ന് വിരമിച്ച ജീവനക്കാരനാണ് രാേജന്ദ്ര. വിഘ്നേഷും ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
റോഷ്നി തങ്ങളുടെ വീടിന്റെ വെളിച്ചമായിരുന്നുവെന്നാണ് ബന്ധുക്കളിലൊരാൾ പറയുന്നത്. എല്ലാം അവളെ ചുറ്റിപ്പറ്റിയായിരുന്നു. തങ്ങളിപ്പോഴും അത്ഭുതത്തിനായി പ്രാർഥിക്കുകയാണെന്നും അവർ പറഞ്ഞു.
ബിരുദം നേടിയ ശേഷം ക്യാബിൻ ക്രൂ പരിശീലനവും പൂർത്തിയതിനു പിന്നാലെ സ്പൈസ് ജെറ്റിലാണ് റോഷ്നി കരിയർ ആരംഭിച്ചത്. എയർ ഇന്ത്യയുടെ നിരവധി അന്താരാഷ്ട്ര സർവീസുകളുടെ ഭാഗമായിരുന്നു. ആ ജോലി റോഷ്നി ഏറെ ഇഷ്ടപ്പെട്ടിരുന്നു. സ്കൂൾ കാലത്ത് പോലും വിമാനത്തിൽ ജോലി ചെയ്യുന്നതാണ് റോഷ്നി സ്വപ്നം കണ്ടിരുന്നതെന്ന് മറ്റൊരു കുടുംബ സുഹൃത്ത് പറഞ്ഞു.
റോഷ്നിയുടെ സമൂഹ മാധ്യമ അക്കൗണ്ടിന് 54,000ത്തിലേറെ ഫോളോവേഴ്സുണ്ട്. യാത്രകളിലെയും കരിയറിലെയും നിമിഷങ്ങൾ ആ പെൺകുട്ടി പങ്കുവെച്ചു. അപകടത്തിന് ശേഷം റോഷ്നിയുടെ പ്രൊഫൈൽ വിലാപ സന്ദേശങ്ങളാൽ നിറഞ്ഞു.
റോഷ്നിയുടെ വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു ആ കുടുംബം. ഈ വർഷം നവംബറിൽ വിവാഹനിശ്ചയം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. താനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഹാഗറിലെ മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു പ്രതിശ്രുത വരൻ. അപകട വിവരമറിഞ്ഞ് അദ്ദേഹവും അഹ്മദാബാദിലേക്ക് തിരിച്ചിട്ടുണ്ട്. 2026ൽ ഫെബ്രുവരിയിൽ വിവാഹം നടത്താനും ഇരുകുടുംബങ്ങളും ആഗ്രഹിച്ചിരുന്നു. വിമാനദുരന്തം എല്ലാ സ്വപ്നങ്ങളും ഇല്ലാതാക്കി.
കുടുംബത്തിന്റെ നട്ടെല്ലായിരുന്നു റോഷ്നി. തന്റെ വരുമാനം കുടുംബത്തിന് വേണ്ടി ചെലവഴിച്ചു.
ഡോംബിവ്‌ലിയിൽ ഒരു വിമാന ദുരന്തത്തിൽ കുടുംബത്തിന് മകൾ നഷ്ടപ്പെടുന്നത് ഇതാദ്യമല്ല. 2010 മേയ് 22ന് മംഗലാപുരത്തുണ്ടായ വിമാനാപകടത്തിൽ തുക്കാറാം നഗറിൽ നിന്നുള്ള 22 വയസുള്ള ക്യാബിൻ ക്രൂ അംഗം തേജൽ കമുൽകർ മരിച്ചിരുന്നു. വിമാനം കുന്നിൻ മുകളിലെ റൺവേയിലേക്ക് മറിഞ്ഞായിരുന്നു അപകടം. രണ്ടുദിവസത്തിന് ശേഷമാണ് അവരുടെ മൃതദേഹം കണ്ടെടുക്കാൻ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.