അഹ്മദാബാദ്: തകർന്നുവീണ എയർ ഇന്ത്യയുടെ യാത്രാവിമാനത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ തുടരുന്നു. പിൻഭാഗത്തെ ബ്ലാക്ക് ബോക്സ് ഇന്നലെ രാത്രി ലഭിച്ചിരുന്നു. ഓറഞ്ച് നിറമുള്ള രണ്ടാമത്തെ ബ്ലാക്ക് ബോക്സിനായി തിരച്ചിൽ തുടരുകയാണ്. കോക്പിറ്റിലെ സംഭാഷണങ്ങൾ റെക്കോഡ് ചെയ്യപ്പെട്ട ബ്ലാക്ക് ബോക്സാണിത്.
അതേസമയം, വിമാനത്തിലെ പൈലറ്റിന്റെയും സഹപൈലറ്റിന്റെയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. 60കാരനായ പൈലറ്റ് സുമീത് സബർവാൾ വിരമിക്കാനിരിക്കുകയായിരുന്നു. 8,200 മണിക്കൂറിലധികം പറക്കൽ പരിചയമുണ്ട് ഇദ്ദേഹത്തിന്. പാരീസ് എയർ ഇൻകോർപറേറ്റഡിൽ പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ മംഗളൂരു സ്വദേശിയും മുംബൈ നിവാസിയുമായ ഫസ്റ്റ് ഓഫിസർ ക്ലൈവ് കുന്ദർ, സഹായിയായും ഉണ്ടായിരുന്നു. ഏകദേശം 1100 മണിക്കൂർ പറക്കൽ പരിചയം നേടിയ പൈലറ്റായിരുന്നു ക്ലൈവ് കുന്ദർ. വിമാനം തകരാറിലാവുകയും തകർന്നുവീഴുകയും ചെയ്യുമ്പോൾ ഇരുവരും കോക്ക്പിറ്റിലായിരുന്നു.
ഡ്യൂട്ടിയിലുള്ള സീനിയർ ക്യാബിൻ ക്രൂവിൽ ശ്രദ്ധ ധവാനും അപർണ മഹാദിക്കും ഉൾപ്പെടുന്നു. സൈനീത ചക്രവർത്തി, നഗന്തോയ് കോങ്ബ്രൈലത്പം ശർമ, ദീപക് പഥക്, മൈഥിലി പാട്ടീൽ, ഇർഫാൻ ഷെയ്ഖ്, ലാംനുന്തേം സിങ്സൺ, റോഷ്നി സോങ്ഖാരെ രാജേന്ദ്ര, മനീഷ ഥാപ്പ എന്നിവരെ തിരിച്ചറിഞ്ഞു.
അഹ്മദാബാദ് വിമാനദുരന്തത്തിൽ ഇതുവരെ 265 മൃതദേഹങ്ങൾ കണ്ടെത്തി. വിമാനയാത്രക്കാരായ 241 പേർക്ക് പുറമെ പ്രദേശവാസികളും വിമാനം ഇടിച്ചിറങ്ങിയ ബി.ജെ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥികളുമാണ് മരിച്ചത്. 60ഓളം വിദ്യാർഥികൾക്ക് പരിക്കുണ്ട്.
അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് വിമാനക്കമ്പനിയായ ബോയിങ് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. അപകടകാരണം കണ്ടെത്താൻ ഡി.ജി.സി.എ അന്വേഷണം തുടങ്ങിയിട്ടുണ്ട്. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ സംഘം അഹ്മദാബാദിലെത്തിയിട്ടുണ്ട്. എ.എ.ഐ.ബി ഡയറക്ടർ ജനറലും ഏജൻസിയിലെ അന്വേഷണ ഡയറക്ടറുമടക്കമുള്ളവർ സംഘത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.