ആരുമില്ല, ആരവങ്ങളില്ല; ദേരയിൽ നിശബ്ദത മാത്രം

സിർസ: ഹരിയാനയിലെ ദേര ഇപ്പോൾ ശാന്തമാണ്.  ഉയരുന്ന അക്രോശങ്ങളില്ല, പ്രകടനങ്ങളോ മുദ്രാ വാക്യങ്ങളോ ഇല്ല, തെരുവുകളിൽ ആളനക്കമില്ലാതാ‍യിട്ട് നാളുകളായി. ശീതകാല തണുപ്പിനെ അർഥവത്താക്കി എല്ലാം മരവിച്ചു കിടക്കുന്നു. രണ്ട് മാസം മുൻപ് വരെ ആരവങ്ങളും തിരക്കേറിയ കച്ചവടങ്ങളുംകൊണ്ട് മുഖരിതമായ ഇൗ ആത്മീയ നഗരം ഇന്ന് ശ്മാശാനം പോലെ മൂകമാണ്.

ഗുർമീത് റാംറഹീമെന്ന ആൾ ദൈവവും അദേഹം പടുത്തുയർത്തിയ ദേര സച്ചാ ആത്മീയ സാമ്രാജ്യവും ഏറെക്കുറെ അസ്തമിച്ച മട്ടിലാണ്. 800 ഏക്കറിലാണ് ദേര വ്യപിച്ചു കിടക്കുന്നത്. സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ, സിനിമ തീയേറ്റർ, പെട്രോൾ പമ്പുകൾ തുടങ്ങി ആകെ ആസ്തി 2100 കോടി. പക്ഷെ റാംറഹീമിന്‍റെ അറസ്റ്റോടെ ഇവ ഒന്നും തന്നെ പ്രവർത്തിക്കുന്നില്ല. വ്യാപാര സ്ഥാപനങ്ങൾ ഏതാണ്ടെല്ലാം തന്നെ പൂട്ടിക്കഴിഞ്ഞു. ദേരയുടെ ഉത്പന്നങ്ങൾ വിൽക്കുന്ന കടകൾ സാമ്പത്തിക പ്രതിസന്ധി മൂലം പൂട്ടേണ്ട അവസ്ഥയിലും. റാംറഹീമിന്‍റെ പിൻഗാമിയായി നേത്യ നിരയിൽ ഇപ്പോൾ ആരുമില്ല. നേതാവിന് പിന്നാലെ അദ്ദേഹത്തിന്‍റെ വലം കൈയായിരുന്ന ഹണി പ്രീതും അറസ്റ്റിലായതോടെ ഇവിടം തികച്ചും നാഥനില്ലാ അവസ്ഥ‍യിലായി. അധ്യക്ഷ വിപാസന ഇൻസാനായിരുന്നു കാര്യങ്ങൾ നോക്കി നടത്തിയിരുന്നത്. എന്നാൽ കുറച്ച് ആഴ്ചകളായി അസുഖം മൂലം വിപാസനയും എത്താറില്ല.

റാംറഹീമിന്‍റെ മകൻ ജസ്മീത് ഇൻസാന് ദേരയുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. മുൻപ് നടന്ന പ്രക്ഷോഭങ്ങളും ആക്രമണങ്ങൾക്കും ദേരയുടെ മാനേജർമാർക്കെതിരെ നിരവധി കേസുകളുണ്ട് അവരും തിരിഞ്ഞു നോക്കാറില്ല. എല്ലാവരും സുര‍ക്ഷിതമായി ഒഴിവാകുകയാണെന്നാണ് പൊലീസ് പറയുന്നത്. ദേരയുടെ അധികൃതർ ആരുംതന്നെ പ്രസ്താവനകൾക്കോ മാധ്യമങ്ങളെ കാണാനോ തയ്യാറല്ല. ഹരിയാന പൊലിസിന്‍റെ ഇന്‍റലിജൻസ് വിഭാഗം പറയുന്നത് 10000 പേരെങ്കിലും ഉണ്ടായിരുന്ന ദേരയിൽ ഇപ്പോളുള്ളത് 800ൽ താഴെ ആളുകൾ മാത്രമാണെന്നാണ്.

ദേരയ്ക്കുള്ളിലെ ആശുപത്രിയും സ്കൂളും പ്രതിസന്ധിയിലാണ്. സ്കൂളിൽ കുട്ടികൾ വളരെ കുറവ്. ആശുപത്രിയും കാര്യമായ പ്രവർത്തനങ്ങളൊന്നുമില്ലാതെ കിടക്കുന്നു. ദൈനം ദില ചിലവുകൾക്കായി പണം പിൻവലിക്കാൻ പഞ്ചാബ് -ഹരിയാന കോടതികളെ ദേരാ അധികൃതർ സമീപിച്ചിട്ടുണ്ട്. എന്നാൽ റാം റഹീമിന്‍റെ അറസ്റ്റുമായി ബന്ധപ്പെട്ടുണ്ടായ പ്രക്ഷോഭങ്ങളിലും അക്രമങ്ങളിലും സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ് കോടതി. നഷ്ടങ്ങൾ ദേരയിൽ നിന്ന് തന്നെ ഇൗടാക്കുമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു.

കലാപങ്ങളിലും പ്രക്ഷോഭങ്ങളിലും മരിച്ചവർക്ക് നിയമസഭയിൽ ഹരിയാന സർക്കാർ ആദരാഞ്ജലി അർപ്പിച്ചിരുന്നു.  രാഷ്ട്രീയ പാർട്ടികൾക്ക് ദേര എന്നും വലിയൊരു വോട്ടു ബാങ്കായിരുന്നു. 2007ലെ പഞ്ചാബ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദേരയുടെ പിന്തുണ തേടിയിരുന്നു. 2012 ലും 2017ലും ദേര ശിരോമണി അകാലിദളിനാണ് പിന്തുണ നൽകിയത്. ഹരിയാനയിൽ 2009,2012ലും കോൺഗ്രസിന് ദേര പിന്തുണ നൽകിയിട്ടുണ്ട്. 2014ൽ ബി.ജെ.പി കൂറു കാണിക്കാനും ഇക്കൂട്ടർ മടിച്ചിട്ടില്ല.

അതേസമയം ഇൗ ആത്മീയ കേന്ദ്രം പൂർണമായും തകർന്നിട്ടില്ല. കഴിഞ്ഞയാഴ്ച നടന്ന ദേരസ്ഥാപകൻ ഷാ മസ്താനാ ബലോചിസ്താനിയുടെ ജന്മദിനാഘോഷത്തിൽ 4000 പേരാണ് പങ്കെടുത്തത്. എന്നാൽ വിശേഷ ദിവസങ്ങളിൽ ഒഴിച്ച് ദേരാ സച്ചാ സൗദാ എന്ന ആത്മീയ വിഭാഗത്തിന്‍റെ ആസ്ഥാനം നിശ്ചലമാണ്.
 

Tags:    
News Summary - After Ram Rahim’s arrest, Dera Sacha Sauda dies a slow death- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.