പവാർ- മോദി കൂടിക്കാഴ്ച: മഹാരാഷ്​ട്ര സർക്കാർ വീഴില്ലെന്ന്​ എൻ.സി.പി

മുംബൈ: ദേശീയ രാഷ്​ട്രീയത്തിൽ കോളിളക്കം സൃഷ്​ടിച്ച്​ ശനിയാഴ്ച ഒരു മണിക്കൂറോളം നേരം എൻ.സി.പി അധ്യക്ഷൻ ശരത്​ പവാറും പ്രധാനമ​ന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ച മഹാരാഷ്​ട്രയിൽ സംസ്​ഥാന സർക്കാറിന്​ ഭീഷണി സൃഷ്​ടിക്കില്ലെന്ന്​ പാർട്ടി. തങ്ങൾക്ക്​ ഒരിക്കലും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാൻ കഴിയില്ലെന്ന്​ എൻ.സി.പി പറഞ്ഞു. സംസ്​ഥാനത്ത്​ കോൺഗ്രസും എൻ.സി.പിയും ശിവസേനയും ചേർന്നുള്ള സഖ്യ സർക്കാറിൽ വിള്ളൽ വിഴുന്നുവെന്ന വാർത്തകൾക്ക​ിടെയാണ്​ വിശദീകരണം. നേരത്തെ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ മോദിയെ കണ്ടപ്പോഴും സമാന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. സഖ്യകക്ഷികൾക്ക്​ ​ശിവസേന നൽകിയ സന്ദേശമാണെന്നായിരുന്നു അന്ന്​ പ്രചാരണം.

ശരത്​ പവാറുമായുള്ള കൂടിക്കാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസാണ്​ ചിത്രസഹിതം ട്വിറ്ററിൽ പങ്കുവെച്ചത്​. താൻ പ്രധാനമന്ത്രി മോദിയെ കണ്ടതായും ദേശീയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങൾ സംസാരിച്ചതായും പവാറും സമൂഹ മാധ്യമത്തിൽ കുറിച്ചു. പിറകെ അഭ്യൂഹങ്ങൾ പ്രചരിച്ചതോടെ പാർട്ടി വക്​താവ്​ മുംബൈയിൽ മാധ്യമങ്ങളെ കണ്ട്​ സാധ്യതകൾ തള്ളി. എൻ.സി.പിയും ബി.ജെ.പിയും പുഴയുടെ രണ്ട്​ അറ്റങ്ങളാണെന്നും ഒരിക്കലും തമ്മിൽ ചേരാനാകില്ലെന്നുമായിരുന്നു നവാബ്​ മാലികിന്‍റെ പ്രതികരണം. യോഗത്തെ കുറിച്ച്​ ഉദ്ധവിനും കോൺഗ്രസ്​ നേതാവ്​ എച്ച്​.കെ പാട്ടീലിനും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, ബാങ്കിങ്​ നിയ​ന്ത്രണ നിയമ ഭേദഗതികൾ, സഹകരണ മന്ത്രാലയ രൂപവത്​കരണവും അമിത്​ ഷാക്ക്​ ചുമതല നൽകലും തുടങ്ങിയ വിഷയങ്ങളിലെ ആശങ്ക അറിയിക്കാനാണ്​ പ്രധാനമന്ത്രിയെ കണ്ടതെന്നാണ്​ സൂചന. 

Tags:    
News Summary - After Pawar & Modi meet, NCP clarifies no threat to state government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.