ചെലവ് കുറവ്, പരിസ്ഥിതി സൗഹൃദം; ഇന്ത്യയിലെ 18 നഗരങ്ങളിൽ വാട്ടർ മെട്രോ വരുന്നു

ന്യൂഡൽഹി: കൊച്ചി വാട്ടർ മെട്രോയുടെ വൻ വിജയത്തിന് പിന്നാലെ രാജ്യത്തെ മറ്റ് 18 നഗരങ്ങളിലേക്ക് കൂടി വാട്ടർ മെട്രോ സർവീസ് വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നഗരങ്ങളിലെ ഗതാഗതക്കുരുക്ക് വലിയ തോതിൽ കുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത-ജലപാത മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടന്നത്. ഘട്ടം ഘട്ടമായായിരിക്കും പദ്ധതി നടപ്പിലാക്കുക.

ആദ്യ ഘട്ടത്തിൽ ഗുവാഹത്തി, ശ്രീനഗർ, പട്ന, വാരണാസി, അയോധ്യ, പ്രയാഗ്‌രാജ് എന്നീ നഗരങ്ങളിലാണ് വാട്ടർ മെട്രോ സർവീസ് ആരംഭിക്കുക. രണ്ടാം ഘട്ടത്തിൽ അസമിലെ തേജ്പൂർ, ദിബ്രുഗഡ് എന്നീ നഗരങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തും.

നിലവിലുള്ള ജലപാതകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടായിരിക്കും വാട്ടർ മെട്രോ സംവിധാനം ഒരുക്കുക എന്ന് കേന്ദ്രമന്ത്രി സർബാനന്ദ സോണോവാൾ വ്യക്തമാക്കി. ഇത് ഭൂമി ഏറ്റെടുക്കലിനും ദൈനംദിന പ്രവർത്തനങ്ങൾക്കുമുള്ള ചെലവുകൾ വലിയ തോതിൽ കുറക്കും.

സാധാരണ മെട്രോ റെയിൽ പദ്ധതികളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചിലവിൽ ഇത് നടപ്പിലാക്കാൻ സാധിക്കുമെന്നതാണ് പ്രധാന ആകർഷണം. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ ഒരു യാത്രാസംവിധാനമായിരിക്കും ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുടെ ഭാഗമായി 'നാഷണൽ വാട്ടർ മെട്രോ പോളിസി 2026' ഒദ്യോഗികമായി അവതരിപ്പിച്ചു. വിവിധ മന്ത്രാലയങ്ങളുമായുള്ള ചർച്ചകൾക്ക് ശേഷം ഇന്ത്യയിലുടനീളമുള്ള നഗര ജലഗതാഗത ഓപ്ഷനുകൾക്കായി ഒരു ദേശീയ ചട്ടക്കൂട് രൂപീകരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിലുള്ള ഉൾനാടൻ ജലപാതകളെ ആധുനികവും കാര്യക്ഷമവുമായ പൊതുഗതാഗത കോറിഡോറുകളാക്കി മാറ്റുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. കേന്ദ്ര-സംസ്ഥാന പങ്കാളിത്തം, പൂർണ്ണമായും സംസ്ഥാന ധനസഹായത്തോടെയുള്ള പ്രോജക്ടുകൾ, പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ്, പൂർണ്ണമായും കേന്ദ്ര ധനസഹായത്തോടെയുള്ള പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള വിവിധ ഫണ്ടിങ് മോഡലുകളാണ് മന്ത്രാലയം പരിഗണിക്കുന്നത്.

Tags:    
News Summary - After Kochi, 18 More Indian Cities To Get Water Metro Services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.