കരൂർ ദുരന്തത്തിന് മുമ്പ് വിജയ് യുടെ റാലി, തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് 

കരൂർ ദുരന്തം: വിജയ്ക്കെതിരായ ഹരജി തള്ളി സുപ്രീംകോടതി

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, മന്ത്രി ആധവ് അർജുന തുടങ്ങിയവർക്കെതിരെ ഡി.എം.കെ സമർപ്പിച്ച ഹരജി ചൊവ്വാഴ്ച സുപ്രീംകോടതി തള്ളി. കരൂർ ദുരന്തക്കേസിൽ സാക്ഷികളെ സ്വാധീനിക്കുന്ന നടപടികളിൽനിന്നും പ്രസ്താവനകളിൽനിന്നും ഇവരെ തടയണമെന്നാവശ്യപ്പെട്ട് ഡി.എം.കെ സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതിയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

2025 സെപ്റ്റംബർ 27നാണ് കരൂർ വേലുച്ചാമിപുരത്ത് ടി.വി.കെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ തിക്കിലും തിരക്കിലുംപെട്ട് 41 പേർ മരിച്ചത്. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ ഈ കേസ് അന്വേഷിക്കുന്നു. മുഖ്യമന്ത്രി വിജയ് ജൂലൈ പത്തിന് കരൂർ സന്ദർശിച്ച് ദുരന്ത ബാധിതരായ കുടുംബങ്ങളെ നേരിൽക്കണ്ട് ആശ്വസിപ്പിക്കുമെന്നും ഇവരുടെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകുമെന്നും അറിയിച്ചിരുന്നു.

ഈയിടെ ടി.വി.കെ മന്ത്രി ആധവ് അർജുന, കരൂർ ദുരന്തത്തിന് ഡി.എം.കെയാണ് ഉത്തരവാദിയെന്ന് പൊതുവേദികളിൽ പ്രസംഗിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സി.ബി.ഐയുടെ നിഷ്പക്ഷമായ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് മാത്രമേ ഇത്തരം നടപടികൾ സഹായകമാവുകയുള്ളൂവെന്നും മുഖ്യമന്ത്രി വിജയ്, മന്ത്രിമാരായ ആധവ് അർജുന, ആനന്ദ്, നിർമൽ കുമാർ തുടങ്ങിയവരെ ഈ കേസിനെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നതിൽനിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതി അവധിക്കാല പ്രത്യേക സെഷനിൽ ഹരജി സമർപ്പിക്കപ്പെട്ടത്.

കേസിൽ സി.ബി.ഐ അന്വേഷണം നടക്കുമ്പോൾ സുപ്രീംകോടതിക്ക് ഏതെങ്കിലും വിധത്തിലുള്ള ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും അഭിപ്രായ സ്വാതന്ത്ര്യം കോടതിക്ക് എങ്ങനെ തടയാനാവുമെന്നുംകോടതി ചോദിച്ചു. അതേസമയം, ഡി.എം.കെ ഹരജി സുപ്രീംകോടതി തള്ളിയ പശ്ചാത്തലത്തിൽ ജൂലൈ പത്തിന് വിജയ് യുടെ കരൂർ സന്ദർശനത്തിനുള്ള തടസ്സം ഒഴിവായി.

Tags:    
News Summary - Karur tragedy: Supreme Court dismisses petition against Vijay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.