ന്യൂഡൽഹി: വിവാഹിതനായ പുരുഷൻ വിവാഹിതയായ പരസ്ത്രീയുമായി അവരുടെ ഭർത്താവിെൻറ അനുമതിയില്ലാതെ ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറ്റകൃത്യമല്ലെന്ന് സുപ്രീംകോടതി. 158 വർഷം പഴക്കമുള്ള ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497ാം വകുപ്പ് റദ്ദാക്കിയാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് വിധിയെഴുതിയത്. വിവാഹേതര ബന്ധത്തിലേർപ്പെടുന്ന പുരുഷനുമാത്രം അഞ്ചു വർഷം ശിക്ഷ നൽകുകയും സ്ത്രീയെ ഇരയെന്ന നിലയിൽ ശിക്ഷിക്കാതിരിക്കുകയും ചെയ്യുന്ന നിയമം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ രോഹിങ്ടൺ ഫാലി നരിമാൻ, എ.എം ഖൻവിൽകർ, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരടങ്ങുന്ന ബെഞ്ച് െഎകകണ്ഠ്യേനയാണ് റദ്ദാക്കിയത്.
അതേസമയം, വിവാഹേതര ബന്ധം വിവാഹമോചനത്തിനുള്ള കാരണമായി നിലനിൽക്കുമെന്ന് ബെഞ്ച് വിധിച്ചു. വിവാഹേതര ബന്ധത്തെ തുടർന്ന് ദമ്പതികളിലൊരാൾ ആത്മഹത്യ ചെയ്താൽ ആത്മഹത്യപ്രേരണക്കുള്ള കുറ്റത്തിൽനിന്ന് ഇണ ഒഴിവാകില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497ാം വകുപ്പു പ്രകാരം വിവാഹിതനായ പുരുഷൻ അവിവാഹിതയോ വിധവയോ ആയ പരസ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് കുറ്റകൃത്യമല്ലെന്ന് സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാട്ടി. അതുപോലെ വിവാഹിതനായ പുരുഷൻ വിവാഹിതയായ മറ്റൊരു സ്ത്രീയുമായി അവരുടെ ഭർത്താവിെൻറ അനുമതിയോടെ ലൈംഗികബന്ധത്തിലേർപ്പെടുന്നതും നിലവിൽ കുറ്റകൃത്യമല്ല. അതേസമയം, വിവാഹിതനായ പുരുഷൻ വിവാഹിതയായ പരസ്ത്രീയുമായി അവരുടെ ഭർത്താവിെൻറ അനുമതിയില്ലാതെ ലൈംഗികബന്ധത്തിലേർപ്പെടുന്നതു മാത്രമാണ് ഇൗ വകുപ്പ് പ്രകാരം കുറ്റകൃത്യം. വിവാഹിതയായ പരസ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ അവരുടെ ഭർത്താവിെൻറ സമ്മതം വേണമെന്നത് സ്ത്രീയെ വ്യക്തിപരമായ സ്വത്തായി കാണുന്നതുകൊണ്ടാണെന്ന് ബെഞ്ച് കുറ്റപ്പെടുത്തി. സ്ത്രീയുടെ അന്തസ്സും തുല്യതയും കാത്തുസൂക്ഷിക്കാത്ത ഇൗ നിയമം ഭരണഘടനക്കെതിരാണെന്നും ഭർത്താവ് ഭാര്യയുടെ യജമാനനല്ലെന്ന് പറയേണ്ട കാലമായെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിയിൽ വ്യക്തമാക്കി.
1860ൽ ഇൗ നിയമമുണ്ടാക്കുേമ്പാൾ ഇന്ത്യയിലെ ഹിന്ദുക്കളായ ഭൂരിപക്ഷത്തിനും വിവാഹമോചനത്തിന് നിയമമുണ്ടായിരുന്നില്ലെന്ന് ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ തെൻറ വിധിയിൽ ചൂണ്ടിക്കാട്ടി. അതുപോലെ 1955 വരെ ഹിന്ദു പുരുഷന് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാമായിരുന്നു. അതുകൊണ്ടാണ് വിവാഹിതനായ പുരുഷൻ അവിവാഹിതയായ സ്ത്രീയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് 1860ലുണ്ടാക്കിയ നിയമത്തിൽ കുറ്റകൃത്യമാക്കാതിരുന്നത്. ഹിന്ദുക്കളിൽ വിവാഹമോചനത്തിന് പ്രത്യേക നിയമം ഇല്ലാതിരുന്നതിനാലും അവരിലെ പുരുഷന്മാർക്ക് എത്ര വിവാഹം കഴിക്കാമെന്നതിനാലും ഹിന്ദു പുരുഷൻ അവിവാഹിതയായ ഏതെങ്കിലും സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിെൻറ പേരിൽ അയാളെ ശിക്ഷിക്കുന്നതിൽ അർഥമില്ലായിരുന്നു. കാരണം അവിവാഹിതയായ ആ സ്ത്രീയെ വിവാഹിതനായ ഹിന്ദുവിന് എപ്പോൾ വേണമെങ്കിലും തെൻറ മറ്റൊരു ഭാര്യയാക്കാൻ കഴിയുമായിരുന്നു. വിവാഹിതരായ സ്ത്രീകളുമായുള്ള വിവാഹേതര ബന്ധം കുറ്റകൃത്യമാക്കി 1860ലെ നിയമമുണ്ടാക്കിയപ്പോഴുള്ള ഇൗ രണ്ട് സാഹചര്യങ്ങളും ഇേപ്പാൾ ഇല്ലാതായി.
വിവാഹിതയായ സ്ത്രീയുടെ ഭർത്താവിെൻറ സമ്മതത്തോടെ മറ്റൊരു പുരുഷൻ ലൈംഗികബന്ധത്തിലേർപ്പെട്ടാൽ കുറ്റകൃത്യമാകില്ലെന്നതും അന്നത്തെ പുരുഷാധിപത്യ മനസ്സിെൻറ ഭാഗമാണ്. അതുകൊണ്ട് ഇൗ കാലഹരണപ്പെട്ട നിയമം റദ്ദാക്കിയേ മതിയാകൂ എന്ന് ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ വിധിയിൽ പറഞ്ഞു. എന്നാൽ, വിവാഹിതയായ സ്ത്രീക്ക് ലൈംഗിക സ്വയംനിർണയവകാശം വേണമെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.