പുണെ: വളർത്തുനായയെ വീട്ടുജോലിക്കാരൻ കൊലപ്പെടുത്തിയെന്ന പരാതിയുമായി നടി അയേഷ ജുൽക. ലോണേവാലയിലെ വീട്ടിൽ വളർത്തുനായ റോക്കിയെ ജോലിക്കാരനായ രാം അന്ദേര കൊലപ്പെടുത്തിയെന്നാണ് നടിയും ആക്ടിവിസ്റ്റുമായ ജുൽക്കയുടെ പരാതി. ലോണേവാലയിലെ തെരുവിൽ നിന്നും ജുൽക എടുത്ത് വളർത്തിയ നായാണ് കൊല്ലപ്പെട്ടത്.
റോക്കിക്കൊപ്പം റിഗ്ഗലി എന്ന നായയേയും ജുൽക എടുത്തു വളർത്തിയിരുന്നു. സെപ്തംബർ 13നാണ് നായ ചത്തുവെന്ന ഫോൺകോൾ മുംബൈയിലുള്ള ജുൽക്കക്ക് ലഭിക്കുന്നത്. വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങി മരിച്ചുവെന്നായിരുന്നു വീട്ടിലെ വേലക്കാരൻ പറഞ്ഞത്. എന്നാൽ, വീട്ടിലെ ടാങ്കിന് വായ്വട്ടം കുറവായിരുന്നു കൂടാതെ നായയുടെ ശരീരത്തിൽ പരിക്കുകളുമുണ്ടായിരുന്നു. ഇതോടെ നായയുടെ മരണം കൊലപാതകമാണെന്ന സംശയം ശക്തമായി. തുടർന്ന് മുംബൈയിലേക്കുള്ള യാത്രമധ്യ ലോണവാലയിലേക്ക് മടങ്ങിയ അയേഷ സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിക്കുകയും ചെയ്തു. റിപ്പോർട്ടിൽ ശ്വാസംമുട്ടിയാണ് മരണമെന്നും നായ മുങ്ങിമരിക്കാനുള്ള സാധ്യതകൾ കുറവാണെന്നും പരാമർശിച്ചതോടെ ജുൽക ലോണേവാല പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പൊലീസ് അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിൽ കേസിൽ കുറ്റപത്രം തയാറാണെന്ന് പൊലീസ് അറിയിച്ചു. വൈകാതെ കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. എങ്കിലും ഫോറൻസിക് റിപ്പോർട്ട് ഉൾപ്പടെയുള്ളവ ലഭിക്കാത്തതിനാൽ കേസിന്‍റെ വിചാരണ നീണ്ടു പോവുകയാണെന്ന് ജുൽക പറയുന്നു. ഫോറൻസിക് ഡിപ്പാർട്ട്മെന്റിൽ അന്വേഷിച്ചപ്പോൾ മനുഷ്യരുടെ കേസുകൾ ബാക്കിയുണ്ടെന്നും അതുകഴിഞ്ഞിട്ട് മതി ഇതെന്നുമുള്ള മറുപടിയാണ് ലഭിച്ചതെന്ന് ജുൽക പറഞ്ഞു. അതേസമയം, ഇക്കാര്യത്തിൽ പ്രതികരണത്തിന് ഫോറൻസിക് ഡിപ്പാർട്ട്മെന്റ് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.