മുംബൈ: 2023 ആഗസ്റ്റ് 11നുശേഷം നായിബ് തഹസിൽദാർമാർ നൽകിയ ജനന സർട്ടിഫിക്കറ്റുകൾ റദ്ദാക്കാനുള്ള മഹാരാഷ്ട്ര സർക്കാർ ഉത്തരവ് ചോദ്യം ചെയ്യുന്ന ഹരജിയിൽ സർക്കാറിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ബോംബെ ഹൈകോടതിയുടെ നാഗ്പൂർ ബെഞ്ച് നോട്ടീസ് അയച്ചു. അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് (എ.പി.സി.ആർ) ആണ് ഹരജി നൽകിയത്. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബന്ധപ്പെട്ടവരുടെ വിശദീകരണം കേൾക്കാതെയാണ് കഴിഞ്ഞ മാർച്ച് 17ന് ആയിരക്കണക്കിന് സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടതെന്ന് എ.പി.സി.ആർ ജനറൽ സെക്രട്ടറി ശാക്കിർ ശൈഖ് ആരോപിച്ചു. ആധാർ കാർഡ്, വോട്ടർ ഐ.ഡി, സ്കൂൾ പ്രവേശനം എന്നിവക്ക് അത്യാവശ്യമായ ജനന സർട്ടിഫിക്കറ്റ് റദ്ദാക്കിയത് പാവപ്പെട്ട നിരവധി പേരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാജ ജനന സർട്ടിഫിക്കറ്റുകൾ പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്നാണ് നായിബ് തഹസിൽദാർമാർ (തഹസിൽദാറിന് കീഴിലുള്ള ഉദ്യോഗസ്ഥൻ) നൽകിയ ജനന സർട്ടിഫിക്കറ്റുകൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.