‘അധികാര ദുർവിനിയോഗം, സഭയെ അധിക്ഷേപിച്ചു’; നരേന്ദ്ര മോദിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകി കെ.സി. വേണുഗോപാൽ

ന്യൂഡൽഹി: ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രതിപക്ഷത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പാർലമെന്റിൽ അവകാശലംഘനത്തിന് നോട്ടീസ് നൽകി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. പ്രധാനമന്ത്രിയുടെ പ്രസംഗം അധികാര ദുർവിനിയോഗമാണെന്നും എം.പിമാരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്തത് സഭയോടുള്ള അവഹേളനമാണെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് എന്ന് 50 തവണയാണ് മോദി പറഞ്ഞത്. പാർലമെന്റിലെ നടപടിക്രമങ്ങളെ കുറിച്ചാണ് മോദി പുറത്ത് സംസാരിച്ചത്.

ഭരണഘടനയുടെ 131-ാം ഭേദഗതി ബിൽ സഭയിൽ പരാജയ​പ്പെട്ടതിന് പിന്നാലെ ഏപ്രിൽ 18നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. സഭയിൽ ഭൂരിപക്ഷം തികയ്ക്കാൻ കഴിയാത്തതിന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തുന്നത് അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. സ്ത്രീ സംവരണത്തെ പ്രതിപക്ഷം പിന്തുണയ്ക്കുമ്പോഴും, അതിന്റെ മറവിൽ മണ്ഡല പുനർനിർണയത്തിലെ സുരക്ഷാ മാനദണ്ഡങ്ങൾ അട്ടിമറിക്കാനുള്ള നീക്കത്തെയാണ് തടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

ഭരണഘടനയുടെ 105-ാം അനുച്ഛേദപ്രകാരം എം.പിമാർക്ക് സഭയിലുള്ള സംരക്ഷണം മറികടന്ന് അവരുടെ വോട്ടിങ്ങിനെ ചോദ്യം ചെയ്യാൻ പ്രധാനമന്ത്രിക്ക് അധികാരമില്ല. ദൂരദർശൻ ഉൾപ്പെടെയുള്ള പൊതു പ്രക്ഷേപണ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത പ്രധാനമന്ത്രിയുടെ നടപടി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശും വിമർശിച്ചു. ബിൽ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള അപമാനമാണെന്നും ഇതിന് ജനങ്ങൾ ശിക്ഷ നൽകുമെന്നുമാണ് മോദി പ്രസംഗത്തിൽ പറഞ്ഞിരുന്നത്. ഇതിനെതിരെയാണ് ഇപ്പോൾ സഭയിൽ അവകാശലംഘന നോട്ടീസ് എത്തിയത്.

Tags:    
News Summary - Abuse of Power, Insult to the House: K.C. Venugopal Files Privilege Motion Against Narendra Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.