ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദം: അഭിഷേക് ബാനർജിയെ ചികിത്സിക്കാൻ ആശുപത്രികൾ തയ്യാറാവുന്നില്ലെന്ന് മമത

ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദം: അഭിഷേക് ബാനർജിയെ ചികിത്സിക്കാൻ ആശുപത്രികൾ തയ്യാറാവുന്നില്ലെന്ന് മമത

കൊൽക്കത്ത: സോണാർപൂരിലെ ആക്രമണത്തിന് ശേഷം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ബി.ജെ.പി നേതാക്കളുടെ സമ്മർദ്ദം കാരണം അദ്ദേഹത്തെ ചികിത്സിക്കാൻ ആശുപത്രികൾ തയ്യാറാവുന്നില്ലെന്നും മുൻ മുഖ്യമന്ത്രി മമത ബാനർജി.

അഭിഷേകിനെ ഡിസ്ചാർജ് ചെയ്യാൻ ബി.ജെ.പി നേതാക്കളും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും ആശുപത്രികളെ സമ്മർദ്ദം ചെലുത്തുകയാണെന്നും മമത ആരോപിച്ചു. ആക്രമണത്തിന് ശേഷം അഭിഷേക് ബാനർജിയുടെ ശരീരത്തിൽ രക്തം കട്ടപിടിച്ചിരിക്കുകയാണ്. എന്നാൽ അദ്ദേഹത്തിന് ചികിത്സ നൽകരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചതായും മമത പറഞ്ഞു.

ശനിയാഴ്ച പശ്ചിമ ബംഗാളിലെ സോണാർപൂരിൽ ടി.എം.സി പ്രവർത്തകന്റെ വീട്ടിൽ സന്ദർശനം നടത്തുന്നതിനിടെയാണ് എംപി അഭിഷേക് ബാനർജിയെ അക്രമി സംഘം മർദ്ദിച്ചത്. വോട്ടെടുപ്പിന് ശേഷം ബി.ജെ.പി പ്രവർത്തകരുടെ അക്രമത്തിന് ഇരയായ പ്രവർത്തകരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ പോയതായിരുന്നു അഭിഷേക്.

ബി.ജെ.പി നേതാക്കളിൽ നിന്നും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സൗത്ത്) യിൽ നിന്നും ഡോക്ടർമാർക്കും ആശുപത്രിക്കും ഭീഷണി കോളുകൾ ലഭിക്കുന്നുണ്ടെന്ന് മമത ബാനർജി ആരോപിച്ചു. ഐസിയുവിൽ പ്രവേശിപ്പിച്ച അഭിഷേകിനെ പിന്നീട് സമ്മർദ്ദത്തിന് വഴങ്ങി ഡിസ്ചാർജ് ചെയ്തതെന്നും അവർ ചോദിച്ചു. ആരോഗ്യ നില തൃപ്തികരമാണെങ്കിൽ പിന്നീട് എന്തിനാണ് ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നതെന്നും മമത ചോദിച്ചു.

അപ്പോളോ ആശുപത്രി അഭിഷേക് ബാനർജിയെ പരിശോധിക്കുകയും വീട്ടിൽ വിശ്രമിക്കാമെന്ന് ഉപദേശിക്കുകയും ചെയ്തുവെന്ന് മമത ബാനർജി പറഞ്ഞു. പിന്നീട് ബെല്ലെവ്യൂ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വീട്ടിൽ വിശ്രമിക്കാൻ നിർദേശിക്കുകയായിരുന്നു.

അഭിഷേക് ബാനർജിയെ ഇപ്പോൾ വീട്ടിലേക്ക് അയച്ചിട്ടുണ്ടെന്നും കുടുംബ ഡോക്ടറുടെ മേൽനോട്ടത്തിൽ ചികിത്സ തുടരുമെന്നും മമത പറഞ്ഞു. അദ്ദേഹത്തിന്റെ വസതിയിൽ ചികിത്സയ്ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും സ്ഥാപിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

അഭിഷേക് ബാനർജിയുടെ ശരീരത്തിൽ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ബന്ധപ്പെട്ട ആശുപത്രികൾ ഉത്തരവാദികളായിരിക്കുമെന്നും മമത മുന്നറിയിപ്പ് നൽകി. ആക്രമണ സമയത്ത് അദ്ദേഹം ഹെൽമെറ്റ് ധരിച്ചിരുന്നില്ലായിരുന്നെങ്കിൽ അദ്ദേഹം സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെടുമായിരുന്നുവെന്നും അവർ അവകാശപ്പെട്ടു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് വിളിച്ചിരുന്നുവെന്നും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മമത ബാനർജി കൂട്ടിച്ചേർത്തു. ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത ബാനർജി പറഞ്ഞു. കപിൽ സിബലും സമാജ്‌വാദി പാർട്ടി മേധാവി അഖിലേഷ് യാദവും  സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചതായും അവർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Abhishek has blood clots after attack, BJP forced hospital to discharge him: Mamata

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.