കൊൽക്കത്ത: പശ്ചിമ ബംഗാളിലെ സോനാർപൂരിൽ തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്ക് നേരെ ആക്രമണം. തെരഞ്ഞെടുപ്പിന് ശേഷമുള്ള അക്രമങ്ങളിൽ ഇരയായവരുടെ കുടുംബങ്ങളെ സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവം. കള്ളൻ, കള്ളൻ എന്ന് വിളിച്ചുകൂവി എത്തിയ ആളുകൾ അഭിഷേകിന് നേരെ മുട്ടയും കല്ലും എറിയുകയായിരുന്നു. പിന്നീട് പൊലീസും കേന്ദ്രസേനയും സ്ഥലത്തെത്തി അഭിഷേക് ബാനർജിയെ സുരക്ഷിതമായി മാറ്റി. സന്ദർശനത്തെക്കുറിച്ച് മുൻകൂട്ടി അധികൃതരെ അറിയിച്ചിരുന്നുവെന്നും എന്നാൽ പൊലീസ് സഹകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
തനിക്ക് നേരെ നടന്ന ആക്രമണം ബി.ജെ.പി ആസൂത്രിതമാണെന്ന് അഭിഷേക് ബാനർജി ആരോപിച്ചു. "ഇതെല്ലാം ബി.ജെ.പി സ്പോൺസർ ചെയ്തതാണ്. ഇതാണോ അവരുടെ ജനാധിപത്യം? ഒരു മാസം പോലും ആയിട്ടില്ല, സ്ഥലത്ത് പൊലീസിനെ കാണാനില്ല," അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തന്നെ വധിക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും, സംഭവങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും അഭിഷേക് പറഞ്ഞു.
അഭിഷേക് ബാനർജിയുടെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് ടി.എം.സി രാജ്യസഭ എം.പി ഡെറിക് ഒബ്രിയാൻ രംഗത്തെത്തി. "ബി.ജെ.പി കൊലപ്പെടുത്തിയ ഒരാളുടെ കുടുംബത്തെ സന്ദർശിക്കാൻ പോയ പ്രതിപക്ഷ പാർട്ടി നേതാവിനെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ചു. അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണ്. എവിടെയാണ് പോലീസ്? വോട്ടെണ്ണൽ ദിവസം സുരക്ഷ പിൻവലിച്ചത് എന്തുകൊണ്ട്? ആഭ്യന്തര മന്ത്രി മറുപടി പറയണം," ഒബ്രിയാൻ എക്സിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.