ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചെന്ന വാർത്തയറിഞ്ഞുള്ള സി.ജെ.പി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ വൈകാരിക പ്രകടനങ്ങൾ വൈറലാകുന്നു. ഡൽഹി ജന്തർ മന്തറിൽ നടന്ന പരസ്യ പ്രതിഷേധ കൂട്ടായ്മക്കിടെയാണ് വൈകാരികമായ രംഗങ്ങൾ അരങ്ങേറിയത്. പ്രധാന്റെ രാജിവാർത്ത അനുയായികൾ അറിയിച്ചതോടെ ആഹ്ലാദഭരിതനായ ദീപ്കെ വേദിയിൽ മുട്ടുകുത്തുകയും കൈകൾ കൊണ്ട് വേദിയിൽ ശക്തിയായി അടിക്കുകയും ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കേന്ദ്രമന്ത്രിയുടെ രാജി പ്രക്ഷോഭത്തിന്റെ വിജയമാണെന്ന് പ്രഖ്യാപിച്ച അഭിജിത് ദിപ്കെ, എന്നാൽ തങ്ങളുടെ ശേഷിക്കുന്ന ആവശ്യങ്ങൾ
‘ആരും ഭയപ്പെടേണ്ടതില്ല. ഇതാണ് ജനാധിപത്യം. അദ്ദേഹം രാജിവെച്ചിട്ടുണ്ടാകാം, എന്നാൽ ഞങ്ങൾക്ക് ഇനിയും രണ്ട് പ്രധാന ആവശ്യങ്ങളുണ്ട്. അത് നേടാതെ ഞങ്ങൾ സമരം അവസാനിപ്പിക്കില്ല. ധർമേന്ദ്ര പ്രധാൻ രാജിവെച്ചു. എന്നാൽ, ജീവനൊടുക്കേണ്ടി വന്ന വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണം. അതോടൊപ്പം, ഈ മാസം 20ന് പ്രതിഷേധക്കാർക്ക് നേരെ അതിക്രമം അഴിച്ചുവിട്ട പൊലീസ് ഗുണ്ടകൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും വേണം. ആരും തങ്ങളെ വിലകുറച്ച് കാണരുത്’- പ്രവർത്തകരെ അഭിസംബോധന ചെയ്ത് ദിപ്കെ പറഞ്ഞു.
സർക്കാറിന് മുന്നിൽ ഭയന്നുനിൽക്കുകയോ തലകുനിക്കുകയോ ചെയ്തില്ലെങ്കിൽ ഏത് ഭരണാധികാരിയുടെയും രാജി വാങ്ങിച്ചെടുക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് ഈ രാജിയെന്നും, ജനാധിപത്യത്തിൽ ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിവാദങ്ങളുടെ തുടക്കം മുതൽ തന്നെ താൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതായി രാജി പ്രഖ്യാപിച്ചുകൊണ്ട് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ആദ്യ ദിവസം മുതൽ തന്നെ താൻ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
യുവരോഷത്തിന് മുന്നിൽ പിടിച്ച് നിൽക്കാതെ സമരം തുടങ്ങി 35ാം ദിവസമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത്.
മോദി സർക്കാറിൽ അപൂർവമായി മാത്രമാണ് മന്ത്രിമാർ രാജിവെക്കുന്നത്. അതുകൊണ്ടുതന്നെ പ്രധാന്‍റെ രാജി പ്രഖ്യാപനവും അപ്രതീക്ഷിതമായി. സി.ജെ.പി പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പ്രധാന്റെ രാജി ആവശ്യത്തിൽ തീരുമാനം ശനിയാഴ്ച അറിയിക്കാമെന്നാണ് കേന്ദ്ര സർക്കാർ ഇന്നലെ അറിയിച്ചിരുന്നത്. മന്ത്രി രാജിവെക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ച നിലപാടിൽ തന്നെയായിരുന്നു സി.ജെ.പി.
ഒടുവിൽ രാജി അല്ലാതെ മറ്റു വഴികളില്ലെന്ന് മനസ്സിലാക്കിയാണ് കേന്ദ്രം മുട്ടുമടക്കുന്നത്. മോദി സർക്കാറിൽ ആദ്യമായിട്ടാണ് യുവജന പ്രക്ഷോഭത്തെ തുടർന്ന് ഒരു മന്ത്രിക്ക് രാജിവെക്കേണ്ടി വരുന്നത്. രാജ്യസഭാ കാലാവധി അവസാനിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച റെയിൽവേ സഹമന്ത്രി രവനീത് സിങ് ബിട്ടുവും കഴിഞ്ഞമാസം ന്യൂനപക്ഷ ക്ഷേമ, ഫിഷറീസ് വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്ന മലയാളിയായ ജോർജ് കുര്യനും രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.