നരേന്ദ്രമോദി, അഭിജീത് ദീപ്കെ

‘മോദി നല്ല ഇൻഫ്ലുവൻസറാണ്, രാജിവെച്ച് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ’; തിരുത്തിയില്ലെങ്കിൽ യുവാക്കൾ സർക്കാരിനെ മാറ്റുമെന്ന മുന്നറിയിപ്പുമായി അഭിജീത് ദീപ്കെ

മുംബൈ: കേന്ദ്രസർക്കാർ വിദ്യാർഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണമെന്ന് നീറ്റ് യു.ജി 2026 പരീക്ഷാ ചോദ്യപേപ്പർ ചോർച്ചക്കെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെ. വിദ്യാർഥികൾ ഭീകരരല്ല, രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിച്ചാൽ അതിന് രാഷ്ട്രീയ പ്രത്യാഘാതമുണ്ടാകുമെന്നും അഭിജീത് ദീപ്കെ മുന്നറിയിപ്പ് നൽകി.

ന്യൂഡൽഹിയിൽ 36 ദിവസത്തെ പ്രതിഷേധത്തിന് ശേഷം സ്വന്തം നാടായ ഛത്രപതി സംഭാജിനഗറിലെത്തിയ അഭിജീത് ദീപ്കെക്ക് പ്രവർത്തകർ വലിയ സ്വീകരണം നൽകി. അതിനുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുന്നതിനിടെയായിരുന്നു അഭിജീത് ദീപ്കെയുടെ പരാമർശം. ‘ജൂലൈ 20ന് വിദ്യാർഥികളുടെ രക്തം തെരുവുകളിൽ വീണു. അതുകൊണ്ടും തീർന്നില്ല, ഇപ്പോഴും പല സംസ്ഥാനങ്ങളിലും പൊലീസ് വിദ്യാർഥികളുടെ വീടുകളിലെത്തി അറസ്റ്റ് ഭീഷണി മുഴക്കുകയാണ്. വിദ്യാർഥികളെ കുറ്റവാളികളെയോ ഭീകരരെയോ പോലെ കാണരുത്. ഇവർ രാജ്യത്തിന്റെ ഭാവിയാണ്. രാജ്യത്തിന്റെ ഭാവിയെ ഇങ്ങനെ വേട്ടയാടിയാൽ അത് ജനാധിപത്യത്തിന് നല്ലതല്ല. ധർമേന്ദ്ര പ്രധാന് രാജിവെക്കേണ്ടിവന്നതുപോലെ, സർക്കാർ ഇനിയും തിരുത്തിയില്ലെങ്കിൽ നാളെ യുവാക്കൾ തന്നെ സർക്കാരിനെ മാറ്റും’ അഭിജീത് ദീപ്കെ പറഞ്ഞു. വിദ്യാർഥികളുടെ പ്രതിഷേധശേഷിയെ സർക്കാർ വിലകുറച്ച് കാണരുതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി ഇൻഫ്ലുവൻസറായി മാറുന്നതാണ് നല്ലത്, അതാണ് അദ്ദേഹം നന്നായി ചെയ്യുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി അഭിജീത് ദീപ്കെ പറഞ്ഞു. ‘ഞാൻ അദ്ദേഹത്തിന്റെ വീഡിയോകൾ പതിവായി കാണാറുണ്ട്. ഒരു ഇൻഫ്ലുവൻസർ എന്ന നിലയിൽ അദ്ദേഹം വളരെ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ഒരുപക്ഷേ അദ്ദേഹം അതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തങ്ങൾ മറ്റാരെങ്കിലും കൈകാര്യം ചെയ്യാൻ അനുവദിക്കുകയും വേണം’ അഭിജീത് ദീപ്കെ പറഞ്ഞു.

‘ഒരു ഗൗരവമുള്ള രാഷ്ട്രീയക്കാരന് എന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്നെ അറിയിക്കൂ. പാർട്ട് ടൈം രാഷ്ട്രീയക്കാരെക്കുറിച്ച് ഞാൻ അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല’ എന്നായിരുന്നു പ്രതിഷേധക്കാരെ വിമർശിച്ച നടിയും എം.പിയുമായ കങ്കണ റണാവത്തിന് അഭിജീത് ദീപ്കെ നൽകിയ മറുപടി.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കണമെന്നും, പ്രതിഷേധക്കാർക്കെതിരെ പൊലീസ് നടത്തുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും അഭിജീത് ദീപ്കെ ആവശ്യപ്പെട്ടു. ജന്തർ മന്തർ പ്രതിഷേധത്തിനിടെ പ്രതിഷേധക്കാർക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിക്കാൻ ഉത്തരവിട്ടവർക്കെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വിദ്യാഭ്യാസ മന്ത്രി മാറിയതുകൊണ്ട് മാത്രം വിദ്യാർഥികളുടെ പ്രതിഷേധം അവസാനിച്ചുവെന്ന് സർക്കാർ കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആവശ്യങ്ങൾ പൂർണമായി നടപ്പാക്കിയില്ലെങ്കിൽ രാജ്യവ്യാപകമായി ഇതിലും വലിയ സമരം സംഘടിപ്പിക്കുമെന്ന് സി.ജെ.പി മുന്നറിയിപ്പ് നൽകിയിരുന്നു. അടുത്ത ഘട്ടത്തിൽ വിദ്യാർഥികൾക്കൊപ്പം കർഷകരെയും യുവജന സംഘടനകളെയും ഉൾപ്പെടുത്തി വിപുലമായ ജനകീയ മുന്നണി രൂപീകരിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. 

Tags:    
News Summary - മോദി നല്ല ഇൻഫ്ലുവൻസർ രാജിവെച്ച് അതിൽ ശ്രദ്ധ കേന്ദ്രീകരിക്കൂ| യുവാക്കൾ സർക്കാരിനെ മാറ്റുമെന്ന മുന്നറിയിപ്പുമായി അഭിജീത് ദീപ്കെ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.